പേരുദോഷമുണ്ടാക്കരുതെന്ന് ആരാധകരോട് ബ്ലാസ്റ്റേഴ്സിന്റെ മുത്ത് സി കെ വിനീത്

പേരുദോഷം ഉണ്ടാക്കരുത് പ്ലീസ്...; ആരാധകരോട് സി കെ വിനീത്

aparna shaji| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2016 (07:57 IST)
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ഐ എസ് എൽ സെമിഫൈനലിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സിന്റെ ശ്രീൻ കാർഡ് ആയ സി കെ വിനീതിന് ആരാധകരോട് ഒരു കാര്യം പറയാനുണ്ട്.
കളികാണാൻ സ്റ്റേഡിയത്തിലേക്ക് വരുന്ന ആരാധകരോട് ശാന്തരാകാൻ പറഞ്ഞിരിക്കുകയാണ് സി കെ വിനീത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെയുള്ള മത്സരശേഷം നടന്ന സംഭവങ്ങളാണ് വിനീതിന്റെ പരാമര്‍ശത്തിനു പിന്നില്‍.

മോശം പെരുമാറ്റത്തിലൂടെ പേരുദോഷമുണ്ടാക്കരുതെന്ന് വിനീത് ആരാധകരോട് അഭ്യർത്ഥിച്ചു. രാജ്യത്തെ ഏറ്റവും മികച്ച കാണികൾ എന്ന് കേരളത്തിലെ ആരാധകരെ വിശേഷി‌പ്പിച്ചിരുന്നു. രാജ്യാന്തര ശ്രദ്ധ നേടിയിരിക്കുന്ന ഈ സാഹചര്യത്തിൽ ആരാധകരുടെ പെരുമാറ്റം രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെടുമെന്ന കാരണത്താൽ ആണ് സി കെ വിനീത് ഇങ്ങനെ അദ്യർത്ഥിച്ചത്. ഐ എസ് എല്ലിനെ രാജ്യാന്തര തലത്തില്‍ പ്രശസ്തിയിലേക്കത്തെിച്ചത് ബ്ളാസ്റ്റേഴ്സ് ആരാധകരാണ്.

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെയുണ്ടായിരുന്ന മത്സരത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ തനിക്ക് വ്യക്തമായ അറിവില്ല. പക്ഷേ, മോശമായ പലതും സംഭവിച്ചെന്നാണ് അറിയുന്നത്. എന്തായാലും ഇനി അത്തരത്തിൽ ഒരു അനിഷ്ടസംഭവങ്ങളും സ്റ്റേഡിയത്തിൽ ഉണ്ടാകാൻ പാടില്ല. . ലോകം മുഴുവനും കൊച്ചിയിലെ ഈ മത്സരം കാണുന്നുണ്ടെന്ന കാര്യം ഓര്‍മിക്കണം. സ്റ്റേഡിയത്തിനും ബ്ളാസ്റ്റേഴ്സിന്റെ ആരാധകര്‍ക്കും ചീത്തപ്പേരുണ്ടാക്കാന്‍ ഇടയാക്കരുതെന്നും വിനീത് പറഞ്ഞു. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരശേഷം ഏതാനും പേര്‍ ഗ്രൗണ്ടിലേക്കിറങ്ങിയത് പ്രശ്നങ്ങള്‍ക്കിടയാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :