കുറ്റാന്വേഷണം ശാസ്ത്രീയവും കാലാനുസൃതവുമാകണം : മുഖ്യമന്ത്രി

തിരുവനന്തപുരം| Last Modified ചൊവ്വ, 24 നവം‌ബര്‍ 2015 (11:49 IST)
ആധുനിക മാര്‍ഗങ്ങള്‍ അവലംബിക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ അപരിഷ്‌കൃതമായ അന്വേഷണ രീതികള്‍ പ്രയോജനപ്രദമാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ പോലീസ് സയന്‍സ് സ്റ്റഡീസ് ആന്‍ഡ് സെക്യൂരിറ്റീസിന്റെ ഓഫീസ് ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കുറ്റകൃത്യങ്ങള്‍ ശാസ്ത്രീയവും കാലാനുസൃതവുമായി അന്വേഷിക്കാന്‍ പോലീസ് സര്‍വകലാശാലയിലെ പഠന ഗവേഷണങ്ങള്‍ക്ക് കഴിയണം. പലകാര്യങ്ങള്‍ക്കും മാതൃകയായ സംസ്ഥാനത്തിന്റെ മറ്റൊരു മികച്ച മാതൃകയാകാന്‍ സര്‍വകാലാശാലയ്ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു. സര്‍വകലാശാലയ്ക്ക് ആവശ്യമായ സ്ഥലം ഉടന്‍ കണ്ടെത്തി നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.

ആധുനികകാലത്തെ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ സംസ്ഥാന പോലീസ് സേനയെ സജ്ജമാക്കുകയെന്നതാണ് പോലീസ് സര്‍വകലാശാലയുടെ പ്രധാനലക്ഷ്യമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ക്രിമിനോളജി, ഫോറന്‍സിക് തുടങ്ങിയ ശാഖകളില്‍ കൂടുതല്‍ പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലയിലുണ്ടാവണം. കുറ്റാന്വേഷണം കൂടുതല്‍ ശാസ്ത്രീയമാക്കാന്‍ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍, സംസ്ഥാന പോലീസ് ചീഫ് ടി.പി. സെന്‍കുമാര്‍, സര്‍വകലാശാല നോഡല്‍ ഓഫീസര്‍ എം.എന്‍. കൃഷ്ണമൂര്‍ത്തി, ഡോ. എ.ആര്‍. മാധവമേനോന്‍, ടി.പി ശീനിവാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :