ടൈറ്റാനിയം അഴിമതി: തുടക്കമിട്ടത് ആരാണെന്ന് എല്‍ ഡി എഫ് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| rahul balan| Last Modified വ്യാഴം, 11 ഫെബ്രുവരി 2016 (12:17 IST)
ടൈറ്റാനിയം ഫാക്ടറി അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സമയത്ത് മുഖ്യമന്ത്രി എന്ന
നിലയില്‍ തന്റെ കടമ നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിനു മുന്‍പ് ഇതിന് തുടക്കമിട്ടത് ആരാണെന്ന് എല്‍ ഡി എഫ് ഓര്‍ക്കണം. അന്ന് പദ്ധതിക്ക് തറക്കല്ലിട്ടത് അന്ന് മന്ത്രിയായിരുന്ന എളമരം കരീമാണ്. 2011 ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുമുന്നണി സര്‍ക്കാര്‍ പദ്ധതിക്ക് പണവും കൈമാറി. പിന്നീട് അഞ്ച്
വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും എന്തുകൊണ്ടാണ് ഇടതുമുന്നണി സര്‍ക്കാര്‍ ടൈറ്റാനിയം അഴിമതി അന്വേഷിക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

എളമരം കരീമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് തയ്യാറാകണമെന്നും കേസില്‍ ആരോപണ വിധേയരായവര്‍ക്കെതിരെ എഫ് ഐ ആര്‍ ഇടാത്തത് ഗുരുതരമായ സ്ഥിതിയാണെന്നും എളമരം കരീം ആരോപിച്ചു.

എഫ് ഐ ആര്‍ ഇടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ആ സാഹചര്യത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു.
എന്നാല്‍, കോടതിയുടേയും കമ്മീഷന്റേയും മുന്‍പിലുള്ള കേസില്‍ അവതരണാനുമതി നല്‍കാനവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

അഴിമതിക്കാരായ മന്ത്രിമാര്‍ രാജിവെക്കുക എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് ഇന്നും പ്രതിപക്ഷം സഭയിലെത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :