ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; എന്‍‌ഡി‌എയില്‍ പൊട്ടിത്തെറി, ബിജെപിയുമായി സഹകരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

അവസാന നിമിഷം കാലുവാരി ബിഡി‌ജെ‌എസ്

അപര്‍ണ| Last Modified ബുധന്‍, 14 മാര്‍ച്ച് 2018 (14:05 IST)
കേരളത്തിലെ എന്‍ഡിഎ മുന്നണിയില്‍ പൊട്ടിത്തെറി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പരിപാടികള്‍ കൊഴുക്കുന്നതിനിടെയാണ് എതിര്‍പ്പുമായി ബിഡിജെ‌എസ് രംഗത്തെത്തിയിരിക്കുന്നത്. ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് എന്‍ ഡി എ കണ്‍വീനറും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

ബിജെപി നേതാക്കള്‍ ബിഡിജെഎസിനെതിരെ വ്യാജപ്രചരണം നടത്തുകയാണെന്നും അത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്നും തുഷാര്‍ വെള്ളപ്പള്ളി ആവശ്യപ്പെട്ടു. ചെങ്ങന്നൂരില്‍ ബിജെപിയില്ലാതെയുള്ള എന്‍ ഡി എ യോഗം ചേരുമെന്നും തുഷാര്‍ വ്യക്തമാക്കി. ഇന്ന് ആലപ്പുഴയില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാനനേതൃയോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ബിജെപിയെ ഒഴിവാക്കി ചെങ്ങന്നൂരില്‍ എന്‍ഡിഎ യോഗം വിളിച്ചുചേര്‍ക്കുമെന്ന് തുഷാര്‍ പറഞ്ഞു. ബിഡിജെഎസ് തങ്ങളോടൊപ്പം നില്‍ക്കുമെന്ന് ബിജെപി സംസ്ഥാനനേതൃത്വം ഒന്നടങ്കം വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിഡിജെഎസിന്റെ നിലപാട് വന്നിരിക്കുന്നത്. പി ശ്രീധരന്‍ പിള്ളയാണ് ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :