820 രൂപയുണ്ടോ? എങ്കില്‍ ഒരു ബുള്ളറ്റ് ബൈക്ക് വാങ്ങാം, അതും പൊലീസില്‍ നിന്ന്...!

കൊല്ലം| VISHNU N L| Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (15:47 IST)
കാലപ്പഴക്കം മൂലം കേരളാ പൊലീസ് വാഹനങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി കൊല്ലം
എ ആര്‍ ക്യാമ്പില്‍ എത്തിച്ചിരിക്കുന്ന ബുള്ളത് ബൈക്കുകള്‍ക്ക് 820 രൂപ മതിപ്പ് വില. നിശ്ചിത കിലോമീറ്ററുകള്‍, അല്ലെങ്കില്‍ നിശ്ചിത വര്‍ഷങ്ങള്‍ കഴിഞ്ഞ ബുള്ളറ്റ് ബൈക്കുകളാണ് ഇത്തരത്തില്‍ വിറ്റ് കളയുന്നത്. ഭൂരിഭാഗം ബൈക്കുകള്‍ക്കും 5000 രൂപയില്‍ താഴെയാണ് മതിപ്പ് വില നിശ്ചയിച്ചിരിക്കുന്നത്.
ബുള്ളറ്റുകള്‍ മാത്രമല്ല, ബസും ജീപ്പും കാറും സ്കൂട്ടറും ഉള്‍പ്പെടെ 78 വാഹനങ്ങളാണ് 'പൊലീസ് യൂണിഫോം അഴിച്ചു മാറ്റി നിരത്തില്‍ ഇറങ്ങാന്‍ തയാറാകുന്നത്.

ബസ് - നാല്, ജീപ്പ് - 33, ബൈക്ക് - 21, ഇന്‍വേഡര്‍ - നാല്, ബുള്ളറ്റ് - ആറ്, സ്കൂട്ടര്‍ - നാല്, കാര്‍, വാന്‍ - മൂന്നു വീതം എന്നിവയാണ് വില്‍പനയ്ക്കുള്ളത്. മോഡല്‍ നമ്പര്‍, ബുക്ക് അനുസരിച്ചുള്ള വില, ഓടിയ കിലോമീറ്റര്‍, അറ്റകുറ്റപ്പണിക്കു പ്രതീക്ഷിക്കുന്ന ചെലവ്, അവസാനത്തെ മൂന്നു വര്‍ഷം അറ്റകുറ്റപ്പണിക്കു ചെലവായ തുക എന്നിവ ഓരോ വാഹനത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

വില്‍ക്കാന്‍ നിശ്ചയിച്ച വാഹനങ്ങളുടെ വില നിര്‍ണയിക്കല്‍ ഇന്നലെ നടത്തി. ദക്ഷിണ മേഖല ഐജി മനോജ് ഏബ്രഹാം, സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശ്, മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം ഡിവൈഎസ്പി നജീബ്, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍) ഗണേഷ് എന്നിവരാണു വില നിശ്ചയിച്ചത്. ഇതിനു പുറമെ പല കേസിലും തൊണ്ടിമുതലായി പിടിച്ചിരിക്കുന്ന വാഹനങ്ങള്‍ കോടതി അനുമതിയോടെ ലേലം ചെയ്ത് വില്‍ക്കാനും പൊലീസ് പദ്ധതിയിട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :