വസ്‌ത്രത്തെ ചൊല്ലി പ്രിന്‍സിപ്പലും വിദ്യാര്‍ഥികളും നേര്‍ക്കുനേര്‍; അതിഥിയായെത്തിയ ഡെയ്നെ വേദിയില്‍ നിന്ന് ഇറക്കിവിട്ടു

വലിയപറമ്പ് (മലപ്പുറം)| Last Updated: വെള്ളി, 18 ജനുവരി 2019 (09:29 IST)
വിദ്യാര്‍ഥികളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോളജ് ഡേ ആഘോഷത്തില്‍ അതിഥിയായി എത്തിയ നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസിനെ സ്‌റ്റേജില്‍ നിന്ന് പ്രിന്‍സിപ്പല്‍ ഇറക്കി വിട്ടു.

മലപ്പുറം വലിയപറമ്പ് ബ്ലോസം ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിലാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. പരിപാടിയില്‍ വ്യത്യസ്ഥ തീമുകളില്‍ വസ്‌ത്രം ധരിച്ച് എത്തരുതെന്ന് പ്രിന്‍‌സിപ്പല്‍ വിദ്യാര്‍ഥികളെ അറിയിച്ചിരുന്നു.

പ്രിന്‍‌സിപ്പലിന്റെ നിര്‍ദേശത്തെ തള്ളി വിദ്യാര്‍ഥികള്‍ വ്യത്യസ്ഥ വസ്‌ത്രങ്ങള്‍ ധരിച്ച് എത്തിയതോടെ പ്രിന്‍‌സിപ്പല്‍ എതിര്‍പ്പ് അറിയിച്ചു. ഡെയ്നെ കോളേജില്‍ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, പ്രിന്‍‌സിപ്പലിന്റെ നിര്‍ദേശം തള്ളി വിദ്യാര്‍ഥികള്‍ ഡെയ്നെ സ്‌റ്റേജില്‍ എത്തിച്ചു.

വിദ്യാര്‍ഥികളുടെ നടപടിയില്‍ എതിര്‍പ്പ് പരസ്യമാക്കിയ പ്രിന്‍‌സിപ്പല്‍ ഡെയ്നോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രിന്‍സിപ്പലും വിദ്യാര്‍ഥികളും തമ്മിലുള്ള എതിര്‍പ്പ് ശക്തമായതോടെ ഡെയ്ന്‍ കോളജില്‍ നിന്ന് മടങ്ങി പോകുകയും ചെയ്‌തു.
സംഘര്‍ഷം കലശലായതോടെ സംഭവസ്ഥലത്ത് പൊലീസ് എത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :