ബീഫ് നിരോധനത്തിനെതിരെ രംഗത്തു വന്ന അധ്യാപികയ്ക്കെതിരെ ദേവസ്വംബോര്‍ഡ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തൃശൂര്‍| JOYS JOY| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (15:56 IST)
ബീഫ് നിരോധനത്തിനെതിരെ രംഗത്തു വന്ന തൃശൂര്‍ കേരളവര്‍മ്മ കോളജിലെ അധ്യാപികയ്ക്ക് എതിരെ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കോളജ് പ്രിന്‍സിപ്പലിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞദിവസം കോളജില്‍ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ കോളജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയത് വിവാദമായിരുന്നു. ബീഫ് ഫെസ്റ്റിവലിനെ തുടര്‍ന്ന് എസ് എഫ് ഐ - എ ബി വി പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി.

അതേസമയം, കോളജില്‍ ബീഫ് കയറ്റരുതെന്ന് നേതത്തെ തന്നെ തീരുമാനമുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
നിരോധനം തുടരുമെന്നും അവര്‍ പറഞ്ഞു. അധ്യാപികയ്ക്കെതിരെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

എന്നാല്‍, ബീഫ് നിരോധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്നോട് ഇതുവരെ ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്ന് മലയാളവിഭാഗം ദീപ നിശാന്ത് വ്യക്തമാക്കി. ബീഫ് നിരോധനത്തിനെതിരെ എഴുത്തുകാരി കൂടിയായ ദീപ നിശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വിവാദമായിരുന്നു. പിന്നീട് ഇവര്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

ദീപ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

“വിദ്യാലയങ്ങള്‍ ക്ഷേത്രങ്ങളാണെന്ന അഭിപ്രായത്തോട് ശക്തമായി വിയോജിക്കുന്നു.
ക്ഷേത്രാചാരങ്ങളല്ല കലാലയങ്ങള്‍ പിന്തുടരേണ്ടത്. ക്ഷേത്രങ്ങളെ പരിപാലിക്കുന്ന രീതിയിലല്ല കലാലയങ്ങളെ പരിപാലിക്കേണ്ടതും. ബീഫ് ഫെസ്റ്റിവലിനെ ന്യായീകരിക്കുന്ന അധ്യാപകരെ പുറത്താക്കണമെന്നൊക്കെയുള്ള ആഹ്വാനങ്ങള്‍ കണ്ടു. ആ പുറത്താക്കല്‍പ്പട്ടികയില്‍ ആദ്യത്തെ പേര് എന്റേതായിരിക്കണമെന്നാശിക്കുന്നു. നിഷ്‌പക്ഷത ഏറ്റവും വലിയ നാട്യമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടു കൃത്യമായി പക്ഷം പിടിക്കുന്നു. കാലഘട്ടം ആവശ്യപ്പെടുന്ന സമരങ്ങളെ പിന്താങ്ങുന്നു. കലാ’ക്ഷേത്ര;ത്തില്‍ ബീഫ് കടത്തേണ്ടെന്ന് പറയുന്നവര്‍ ക്ഷേത്രത്തില്‍ അശുദ്ധിസമയത്ത് സ്ത്രീകള്‍ കയറരുത് എന്ന് നാളെ പറഞ്ഞേക്കാം. അഹിന്ദുക്കള്‍ പുറത്തു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടേക്കാം. ഭൂതകാല ജീര്‍ണ്ണതകളെ വരും തലമുറ അതേപടി ചുമക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. വലിച്ചെറിയേണ്ടവയെ വലിച്ചെറിയുക തന്നെ വേണം.

“വെളിച്ചം തൂകുന്നോളം
പൂജാര്‍ഹം താനൊരാശയം
അതിരുണ്ടഴല്‍ ചാറുമ്പോള്‍
പൊട്ടിയാട്ടുക തന്‍ വരം !”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :