റേഷന്‍കടകള്‍ ആധുനികവത്ക്കരിക്കും : മന്ത്രി അനൂപ് ജേക്കബ്

പത്തനംതിട്ട| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (18:05 IST)
സംസ്ഥാനത്ത് പതിനാലായിരത്തോളം റേഷന്‍കടകള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും തെരഞ്ഞെടുക്കപ്പെട്ട 22 റേഷന്‍കടകള്‍ കമ്പ്യൂട്ടര്‍വത്ക്കരണ നടപടികള്‍ ആരംഭിച്ചെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കോന്നി താലൂക്ക് സപ്ലൈ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ എല്ലാ വകുപ്പുകളിലും ആധുനികവത്ക്കരണം നടപ്പാക്കിവരികയാണ്. മികച്ച സേവനം വേഗത്തില്‍ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ സേവനങ്ങള്‍ സാധാരണക്കാരുടെ അവകാശങ്ങളാണ്. അത് കൃത്യമായും സുതാര്യമായും നടപ്പാക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ സ്റ്റോക്ക് രജിസ്റ്റര്‍, വില്‍പ്പന എന്നിവയെല്ലാം കൃത്യമായി പരിശോധിക്കും. റേഷന്‍ ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തും - മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷാ നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സംസ്ഥാന തലത്തില്‍ ഒരു കമ്മീഷനെയും ജില്ലാതലത്തില്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യവിഹിതത്തില്‍ കുറവ് വരുത്തുന്നത് അംഗീകരിക്കാനാവില്ല. ഓണക്കാലത്ത് പൊതുവിപണിയില്‍ സര്‍ക്കാരിന് ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞതായും കഴിഞ്ഞ ഓണക്കാലത്തെക്കാളും 12 ശതമാനം വിലക്കുറവ് അനുഭവപ്പെട്ടതായും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :