അമ്മ - ഡബ്ല്യുസിസി കൂടിക്കാഴ്ച ഇന്ന്; പ്രധാന ചർച്ചാ വിഷയം നടിയെ ആക്രമിച്ച കേസ്

അമ്മ - ഡബ്ല്യുസിസി കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം നടി ആക്രമിക്കപ്പെട്ട കേസ്

Rijisha M.| Last Updated: ചൊവ്വ, 7 ഓഗസ്റ്റ് 2018 (10:40 IST)
താരസംഘടന വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. നടി ആക്രമണക്കേസ് ആയിരിക്കും ചർച്ചയിലെ പ്രധാന വിഷയം.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ കക്ഷിചേരാനുള്ള അമ്മ ഭാരവാഹികളുടെ ശ്രമമാണ് ഇപ്പോൾ വിവാദം സൃഷ്‌ടിച്ചിരിക്കുന്നത്. നടിയുടെ ഹർജിയെ സഹായിക്കുക മാത്രമാണു തങ്ങളുടെ ഉദ്ദേശ്യമെന്ന നിലപാടുമായാണ് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചന നാരായണൻകുട്ടിയും ഹണി റോസും കക്ഷിചേരാനെത്തിയത്. അമ്മയുടെ സഹായം ആവശ്യമില്ലെന്നായിരുന്നു നടിയുടെ നിലപാട്. അതോടെ കക്ഷി ചേരാനെത്തിയവർക്ക് ഈ കേസിലുള്ള താൽപര്യമെന്താണെന്നായി കോടതി. സംഭവം വിവാദമായതോടെ ഹർജി പിൻവലിച്ചേക്കാനും സാധ്യതയുണ്ട്.

നടൻ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെത്തുടർന്ന് നടിമാർ രാജിവെയ്‌ക്കുകയും പ്രശ്‌നം രൂക്ഷമാകുകയും ചെയ്‌തതോടെയാണ് ചർച്ചയ്‌ക്ക് 'അമ്മ' സമ്മതിച്ചത്. ഇന്ന് നടക്കാനിരിക്കുന്ന ചർച്ചയിൽ തീരുമാനങ്ങൾ എന്താകുമെന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :