‘ചെങ്കോട്ടകള്‍ കാവിപുതപ്പിക്കാന്‍‘ അമിത് ഷാ ഇന്നെത്തും

തിരുവനന്തപുരം| VISHNU.NL| Last Updated: ഞായര്‍, 31 ഓഗസ്റ്റ് 2014 (10:56 IST)
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നു രാത്രി 10ന് എത്തും. നാളെ രാവിലെ 8.30നു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന അദ്ദേഹം 11നു പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിന്റെ സമാപനത്തിലും രണ്ടിനു തിരുവല്ലം ബൈപാസ് ഗ്രൌണ്ടില്‍ സംസ്ഥാന പ്രതിനിധി സമ്മേളനത്തിലും പങ്കെടുക്കും.

പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ കേരളത്തിലേക്കുള്ള ആദ്യ സന്ദര്‍ശനമാണെങ്കിലും ആര്‍ഭാടപൂര്‍വമുള്ള സ്വീകരണം വേണ്ടെന്ന കര്‍ശനമായ നിര്‍ദേശമാണു സംസ്ഥാന ഘടകത്തിന് അമിത് ഷാ നല്‍കിയിട്ടുള്ളത്. തന്റെ സന്ദര്‍ശനത്തിന്റെ പേരിലോ പ്രതിനിധി സമ്മേളനത്തിന്റെ പേരിലോ ജനങ്ങളില്‍ നിന്നു പിരിവു പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു. വിമാനത്താവളത്തില്‍ വന്‍ സ്വീകരണം വേണ്ടെന്നും തന്റെ കട്ടൌട്ടുകളോ ഭീമന്‍ ബോര്‍ഡുകളോ വഴിനീളെ കൊടിതോരണങ്ങളോ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ സിപിഎം അണികളെ ബിജെപിയിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ സന്ദര്‍ശനത്തില്‍ ആവിഷ്കരിച്ചേക്കും. ബംഗാളില്‍ ജില്ലാതലത്തിലുള്ള സിപിഎം നേതാക്കളെയും അണികളെയും ആസൂത്രിതമായി പാര്‍ട്ടിയിലെടുക്കുന്നതിനു സമാനമായ പദ്ധതിയാകും കേരളത്തിലും പരീക്ഷിക്കുക എന്നാണ് സൂചന.

സിപിഎമ്മിനു പുറമേ സിപിഐ, ജെഎസ്എസ് അണികളെയും ബിജെപി ലക്ഷ്യമിടും. നേരത്തേ തന്നെ കണ്ണൂരില്‍ സിപി‌എമ്മില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മറ്റപാര്‍ട്ടിക്കാരെ ബിജെപിയില്‍ എത്തിച്ചിരുന്നു. ഇത് മറ്റ് ജില്ലകളില്‍ കൂടി വ്യാപിപ്പിച്ച് പാര്‍ട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

ഇതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അമിത് ഷാ നല്‍കിയേക്കും. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാവശ്യമായ തന്ത്രങ്ങള്‍ അമിത്ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗങ്ങള്‍ തീരുമാനിക്കും.

ഇന്നു രാത്രിയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ നാളെ വൈകിട്ട് ഇന്‍ഡിഗോ വിമാനത്തില്‍ മടങ്ങും. താമസ സൌകര്യം മൂന്നുനക്ഷത്രത്തിനു മുകളിലുള്ള ഹോട്ടലില്‍ ആകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൌസിലാകും ഇന്നു രാത്രി അമിത് ഷാ തങ്ങുക. നാളെ രാവിലെ സംസ്ഥാന സമിതി, കോര്‍ ഗ്രൂപ്പ് യോഗങ്ങളിലും ഉച്ചകഴിഞ്ഞു തിരുവനന്തപുരത്തെ തിരുവല്ലം മൈതാനത്തു സംസ്ഥാന പ്രതിനിധി സമ്മേളനത്തിലും പങ്കെടുക്കും. പഞ്ചായത്തു കമ്മിറ്റി ജനറല്‍ സെക്രട്ടറിമാര്‍ മുതലുള്ള ഭാരവാഹികളും മറ്റുമായി അയ്യായിരത്തോളം പ്രതിനിധികളാകും സമ്മേളനത്തിനെത്തുക.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :