അഭയ കേസ്: പ്രതികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

തിരുവനന്തപുരം| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (13:10 IST)
സിസ്റ്റര്‍ അഭയയുടെ ആന്തരിക പരിശോധനാ ഫലം രേഖപ്പെടുത്തിയ വര്‍ക്ക് രജിസ്റ്ററില്‍ കൃത്രിമം കാട്ടിയെന്ന പരാതിയില്‍ പ്രതികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. കേസ് സംബന്ധമായ രേഖകള്‍ വീണ്ടും പരിശോധിക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി. പ്രധാന തെളിവുകള്‍ പലതും പ്രതിഭാഗം തന്നെ സമര്‍പ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാരണത്താല്‍ പ്രതികളോട് വീണ്ടും വിശദീകരണം തേടേണ്ടതുണ്ടെന്നും വ്യക്തമാക്കി.

എന്നാല് രേഖകള്‍ ഹാജരാക്കാന്‍ പ്രതിഭാഗം സമയം ആവശ്യപ്പെട്ടതിനെ തുടര്ന്ന് കേസ് പരിഗണിക്കുന്നത് 20 ലേക്ക് മാറ്റി. ശരിയായ രേഖകളാണ് നല്കിയതെന്ന് ഒന്നാം പ്രതി ഗീത കോടതിയില്‍ പറഞ്ഞു. ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ലാബിലെ ജോയിന്റ് കെമിക്കല്‍ എക്‌സാമിനറായിരുന്ന ആര്‍ ഗീത ഒന്നാം പ്രതിയും അനലിസ്റ്റ് ചിത്ര രണ്ടാം പ്രതിയുമായ കേസിന്റെ വിചാരണ ഒക്ടോബര്‍ ഒന്നിന് പൂര്‍ത്തിയായിരുന്നു.

ചിത്ര കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. രണ്ട് പ്രതികളും നിര്‍ബന്ധമായും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി നേരിട്ട് തെളിവെടുപ്പ് നടത്തി കേസെടുക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :