2008 നാളികേരവര്‍ഷമായി ആചരിക്കും

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 28 നവം‌ബര്‍ 2007 (09:42 IST)
സംസ്ഥാന നാളികേര വികസന ബോര്‍ഡും കൃഷിവകുപ്പും ചേര്‍ന്ന്‌ 2008 നാളികേരവര്‍ഷമായി ആചരിക്കും. കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്.

നാളികേരകര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായാണ് കനകക്കുന്ന്‌ കൊട്ടാരം കോണ്‍ഫറന്‍സ്‌ ഹാളില്‍ യോഗം ചേര്‍ന്നത്. വെളിച്ചെണ്ണ ഉപയോഗത്തിനെതിരായ പ്രചരണത്തിനു പിന്നില്‍ കച്ചവട താല്‍പര്യങ്ങളുടെ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്‌. വെളിച്ചെണ്ണ ഉപയോഗം ഏറെ വര്‍ദ്ധിക്കുന്ന ഓണക്കാലത്താണ്‌ അനാവശ്യപ്രചരണം വര്‍ദ്ധിക്കുന്നത്‌.

നാളികേര വികസനബോര്‍ഡ്‌ കണക്കുകളനുസരിച്ച്‌ നാളികേരത്തിന്‍റെ ഉത്പാദനവും, ഉത്പാദനക്ഷമതയും വര്‍ദ്ധിച്ച സാഹചര്യത്തില്‍ നാളികേര സംരക്ഷണത്തിനുള്ള പദ്ധതികള്‍ ഗൗരവമായി ഏറ്റെടുത്തില്ലെങ്കില്‍ 35 ലക്ഷത്തിലേറെവരുന്ന കര്‍ഷക കുടുംബങ്ങള്‍ കഷ്ടത്തിലാകുമെന്നും മന്ത്രി പറഞ്ഞു.

പ്രധാന നാളികേരോത്പാദന രാജ്യങ്ങളായ ഫിലിപ്പൈന്‍സിനെയും ഇന്തോനേഷ്യയേയും പങ്കെടുപ്പിച്ച്‌ നാളികേര വര്‍ഷത്തില്‍ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. ചില വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ നിശ്ചിതശതമാനം വെളിച്ചെണ്ണയുടെ ഉപയോഗം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്യും.

ഹൃദ്രോഗ വിദഗ്ദ്ധരെയും ബയോകെമിസ്ട്രി വിദഗ്ധരെയും ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലും യോഗം നടത്തും. നാളികേര വികസനബോര്‍ഡ്‌ ഡിസംബര്‍ 11 ന്‌ എറണാകുളത്ത്‌ കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ റാ‍ലി നടത്താനും തീരുമാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :