‘ടിപി കേസില്‍ സംസ്ഥാന നേതൃത്വത്തിന് തെറ്റുപറ്റി’; കേന്ദ്രകമ്മിറ്റിക്ക് വി എസിന്റെ കത്ത്

ന്യൂഡല്‍ഹി | WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി സംസ്‌ഥാന നേതൃത്വത്തിനെതിരേ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. ടിപി കേസില്‍ സംസ്‌ഥാന നേതൃത്വത്തിന്‌ തെറ്റുപറ്റിയെന്ന്‌ കുറ്റപ്പെടുത്തിക്കൊണ്ട്‌ വിഎസ്‌ കേന്ദ്രകമ്മിറ്റിക്ക്‌ കത്തു നല്‍കി.

ടിപി കേസില്‍ പാര്‍ട്ടിക്ക്‌ പങ്കില്ലെന്ന്‌ പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്ന്‌ വിഎസ്‌ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. തെറ്റുപറ്റിയെന്ന്‌ തുടക്കത്തില്‍ തന്നെ പാര്‍ട്ടി ഏറ്റു പറയണമായിരുന്നു. കേസില്‍പ്പെട്ട നേതാക്കളെ പാര്‍ട്ടി തള്ളിപ്പറയണമായിരുന്നു. അതിന്‌ കൂട്ടാക്കാതെ പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുകയായിരുന്നു പിബി അംഗം ചെയ്‌തത്‌. പിബി അംഗത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ ഇത്തരമൊരു നടപടി ശരിയായില്ലെന്നും താന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്‌ വിഭാഗീയതയായി കാണരുതെന്നും വിഎസ്‌ കത്തില്‍ പറയുന്നു.

നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത്‌ കേസ്‌ പ്രതി ഫായിസിന്റെ ജയില്‍ സന്ദര്‍ശനത്തെക്കുറിച്ച്‌ പാര്‍ട്ടി സംസ്‌ഥാന നേതൃത്വം മൗനം പാലിച്ച നടപടി ശരിയായില്ല. അതേസമയം, കത്തിനെക്കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പ്രതികരിക്കാന്‍ വി എസ്‌ തയാറായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :