സുധാകരനെതിരായ കേസ് വിധി പറയുന്നത് മാറ്റി

തിരുവനന്തപുരം| WEBDUNIA|
സഹകരണ മന്ത്രി ജി. സുധാകരനെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ വിധി പറയുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി വച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

എസ്.എ.ടി സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജി.സുധാകരന്‍ നടത്തിയ പ്രസ്താവനയാണ് കോടതിയലക്ഷ്യ കേസിന് ആധാരമായത്. മജിസ്ട്രേറ്റുമാരെ കൊഞ്ഞാണന്മാര്‍ എന്ന് വിളിച്ചായിരുന്നു സുധാകരന്‍റെ പ്രസ്താവന.

ഇത് കോടതിയലക്ഷ്യമാണെന്ന് കാണിച്ച് അഭിഭാഷകാനായ സി. ബാലചന്ദ്രനാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസൃടേറ്റ് കോടതിയില്‍ കേസ് നല്‍കിയത്. മന്ത്രി കോടതിയെ മനപ്പുര്‍വ്വം താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചില്ലെന്നും ഇക്കാര്യം മന്ത്രി നേരിട്ട് കോടതിയെ ബോധ്യപ്പെടുത്തിയതാണെന്നും മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഈ കേസ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ കേസ് അങ്ങോട്ട് മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജിക്കാരനായ അഭിഭാഷകന്‍ മന്ത്രി തുടരെ തുടരെ കോടതിയലക്ഷ്യം കാണിച്ചുവെന്ന് കോടതിയെ അറിയി ച്ചു.

കഴിഞ്ഞ തവണ മന്ത്രി കോടതിയിലെത്തി മാപ്പ് പറഞ്ഞ് പുറത്തിറങ്ങി കോടതി പരിസരത്ത് വച്ച് തന്നെ വീണ്ടും കൊഞ്ഞാണന്മാര്‍ എന്ന പരാമര്‍ശം നടത്തിയെന്നും ഇതിലൂടെ അദ്ദേഹം കോടതിയലക്ഷ്യം കാണിച്ചിരിക്കുകയാണെന്നും കോടതിയെ അറിയിച്ചു. അതിനാല്‍ മന്ത്രിക്കെതിരെ നടപടി വേണമെന്നും കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ടു.

എല്ലാ വാദങ്ങളും കേട്ട കോടതി ഈ കേസില്‍ വിധി പറയുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :