പിതൃസ്വത്ത് കേസ്: വിധി മേരി റോയിക്ക് അനുകൂലം

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2010 (10:25 IST)
എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമാ‍യ അരുന്ധതി റോയിയുടെ അമ്മ മേരി റോയി ഏറെ സന്തോഷത്തിലാണ്. പിതൃസ്വത്ത് സംബന്ധിച്ച കേസില്‍ വിധി തനിക്ക് അനുകൂലമായതില്‍ മാത്രമല്ല, ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ അവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയാണ് ഏറെക്കാലത്തിന് ശേഷമാണെങ്കിലും നടപ്പിലാക്കിയിരിക്കുന്നത്.

1984ല്‍ ആണ് പിതൃസ്വത്തില്‍ സ്ത്രീകള്‍ക്കും തുല്യ അവകാശമുണ്ടെന്ന് കാട്ടി മേരി റോയി സുപ്രീംകോടതിയില്‍ കേസ് സമര്‍പ്പിച്ചത്. ക്രൈസ്തവ സഭകളും ബിഷപ്പുമാരും ഉള്‍പ്പെടെ ഇവര്‍ക്കെതിരെ രംഗത്ത് വന്നതോടെ മേരി റോയി കേസ് പ്രശസ്തിയാര്‍ജ്ജിക്കുകയായിരുന്നു.

1916 ലെ തിരു-കൊച്ചി ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമവും 1921ലെ കൊച്ചിന്‍ പിന്തുടര്‍ച്ചാവകാശ നിയമവും നീതിപൂര്‍വമല്ലെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് മേരി റോയി സുപ്രീംകോടതിയെ സമീപിച്ചത്. ഈ നിയമങ്ങള്‍ പ്രകാരം പിതൃസ്വത്തിന്‍റെ വളരെ ചെറിയൊരംശം മാത്രമേ പെണ്‍‌ മക്കള്‍ക്ക് ലഭിക്കുകയുള്ളൂ.

ഇതേത്തുടര്‍ന്നാണ് 1986ല്‍ സുപ്രീം കോടതി ചരിത്രപ്രസിദ്ധമായ വിധി പ്രസ്താവം നടത്തിയത്. ഇന്ത്യയില്‍ എല്ലായിടത്തും നിലനില്‍ക്കുന്ന 1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം മാത്രമാണ് എല്ലാവര്‍ക്കും ബാധകമെന്നും മറ്റെല്ലാ നിയമങ്ങളും അസാധുവാണെന്നുമായിരുന്നു ആ വിധി. നിയമചരിത്രത്തില്‍ മാത്രമല്ല, അവകാശങ്ങള്‍ക്കായുള്ള സ്ത്രീകളുടെ പോരാട്ടത്തിന്‍റെ ചരിത്രത്തിലും വലിയൊരു നാഴികക്കല്ലായിരുന്നു ആ വിധി.

സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ പിതാവിന്‍റെ സ്വത്തില്‍ തനിക്ക് അര്‍ഹതപ്പെട്ട പങ്ക് നല്‍കണമെന്ന ആവശ്യവുമായി മേരി റോയി കോട്ടയം സബ് കോടതിയെ സമീപിക്കുകയായിരുന്നു. കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമുള്ള പാലത്തിങ്കല്‍ വീട് ഉള്‍പ്പെടുന്ന 45 സെന്റ് സ്ഥലത്തിന്‍റെയും നാട്ടകത്തെ അഞ്ച് ഏക്കറോളം വസ്തുവിന്റെയും ഉടമസ്ഥാവകാശത്തില്‍ തനിക്ക് കൂടി പങ്കുണ്ടെന്നായിരുന്നു മേരി റോയ് വാദിച്ചത്.

എന്നാല്‍ മാതാവ് മരിക്കുന്നത് വരെ ഇത് ഭാഗിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കോട്ടയം സബ് കോടതി വിധി നടപ്പാക്കിയത്.

കോടതി വിധി അനുകൂലമായ സാഹചര്യത്തില്‍ തുടര്‍നടപടികളുടെ ഭാഗമായി വീടിനോട് ചേര്‍ന്ന സ്ഥലം കോടതി ആമീന്‍റെ സാന്നിദ്ധ്യത്തില്‍ അളന്ന് തിരിച്ച് തിട്ടപ്പെടുത്തുന്ന ജോലികള്‍ ആരംഭിച്ചു. ഇവര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥലത്തെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന ജോലി പുരോഗമിക്കുകയാണ്. ഇതിനുപുറമെ, കുടുംബവീടിന്റെ അവകാശമെന്ന നിലയില്‍ 26 ലക്ഷം രൂപവരെ കോടതി ഉത്തരവിലൂടെ മേരി റോയിക്ക് ലഭിക്കും. 1960-ലാണ് മേരിയുടെ പിതാവ് പിവി ഐസക് മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :