കരുനാഗപ്പള്ളി|
Last Updated:
ചൊവ്വ, 17 മെയ് 2016 (13:32 IST)
മൃഗീയമായി കൊലചെയ്യപ്പെട്ട ജിഷയുടെ ഘാതകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ കരുനാഗപ്പള്ളി നഗരസഭാ ഓഫീസിലെ പോളിംഗ് ബൂത്തിലേക്ക് മാര്‍ച്ച് നടത്തി. വോട്ടെടുപ്പ് ദിവസം രാവിലെ പതിനൊന്നേ മുക്കാലോടെയായിരുന്നു സംഘം മാര്‍ച്ച് നടത്തിയത്.
മാര്‍ച്ചിനു നേതൃത്വം നല്‍കിയ ചവറ കെ.എം.എം.എല്‍ ജീവനക്കാരനായ ചവറ സ്വദേശി വസന്ത കുമാര്‍, ഇയാളുടെ മകന്‍ കൈലാസ് വസന്ത്, വടക്കുംതല അന്‍വര്‍ഷാ മന്‍സിലില്‍ അക്ബര്‍, പന്മന തംബുരുവില്‍ കിരണ്‍ ബാബു, പന്മന സ്വദേശി നന്ദന്‍, ചവറ മടത്തില്‍ തെക്കന്‍ സ്വദേശി സജീവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജിഷയുടെ ഘാതകനെ അറസ്റ്റ് ചെയ്യണമെന്നും ജിഷയ്ക്ക് നീതി ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ട് പ്ലക്കാര്‍ഡ് ഏന്തി വായ് മൂടിക്കെട്ടിയായിരുന്നു സംഘം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
അറസ്റ്റിലായവരെ കൂടാതെ കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പു നടക്കുമ്പോള്‍ പോളിംഗ് ബൂത്തിന്‍റെ 200 മീറ്റര്‍ പരിധിയില്‍ ആളുകള്‍ കൂടരുത് എന്ന വിലക്ക്
ലംഘിച്ച കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണു സൂചന.