സർക്കാരിന്റെ നേട്ടങ്ങളിൽ ചിലർക്ക് അഭിമാനമുണ്ട്, ചിലർക്ക് പരിഭ്രാന്തിയും; സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

സർക്കാരിന്റെ പ്രവർത്തനം നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി

Pinarayi Vijayan, LDF Govt., മുഖ്യമന്ത്രി, എല്‍.ഡി.എഫ് സര്‍ക്കാര്‍, തിരുവനന്തപുരം,പിണറായി വിജയന്‍, എല്‍ ഡി എഫ്
തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 20 മെയ് 2017 (11:29 IST)
എൽഡിഎഫ് സർക്കാർ രാഷ്ട്രീയ സംസ്കാരം ശുദ്ധീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മതനിരപേക്ഷ നവകേരളം പടുത്തുയര്‍ത്തുകയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇടതുബദല്‍ മുന്നോട്ട് വെയ്ക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഭരണത്തിലും സര്‍ക്കാരിലും തെറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍ത്താവ് ഉണ്ടാകില്ലെന്ന കാര്യം ഉറപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരളം പടുത്തുയര്‍ത്തുന്നതിനുള്ള ശ്രമങ്ങളുമായി ഈ സര്‍ക്കാര്‍ മുന്നോട്ടു പോകും. 2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണം തളർച്ചയുടെ കാലഘട്ടമായിരുന്നു. ജീർണമായ രാഷ്ട്രീയ സംസ്കാരമായിരുന്നു അവരുടേത്. യുഡിഎഫാണ് പൊതുസ്ഥിതി തകർത്തത്. എന്നാല്‍ സമാധാനവും വികസനവും കണ്ടെത്താനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ നേട്ടങ്ങളിൽ ചിലർ അഭിമാനിക്കുന്നുണ്ട്. എന്നാല്‍ ചിലർക്ക് പരിഭ്രാന്തിയുമുണ്ട്. നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് സർക്കാരിന്റെ പ്രവർത്തനം. സമൂഹത്തിലെ തുല്യത ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എൽഡിഎഫിനു ചില പൊതുവായ നിലപാടുകളുണ്ട്. അതുകൊണ്ടുതന്നെ പുതിയ കാലത്തന്റെ വെല്ലുവിളികൾ നേരിട്ടാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് കേരളത്തിലുള്ളത്. ഗെയിൽ പദ്ധതി ഉടൻ നടപ്പാക്കും. അതു സർക്കാരിന് വൻതോതിൽ ഗുണപ്രദമാണ്. അതൊഴിവാക്കാന്‍ കഴിയില്ല. സമൂഹത്തിന് ഗുണകരമായ പദ്ധതികളോടുള്ള എതിർപ്പ് അനുവദിക്കാനാകില്ല. സമൂഹത്തിനു കിട്ടുന്ന ഗുണത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. എതിർപ്പുകൾ കണ്ട് പിന്നോക്കം പോകേണ്ടെന്ന തീരുമാനം ഗുണം കണ്ടതായും അദ്ദേഹം പറഞ്ഞു.

പെൻഷൻ വീട്ടിലെത്തിക്കാൻ കഴിഞ്ഞത് ഈ സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടമായാണ് കണക്കാക്കുന്നത്. ക്ഷേമ പെൻഷൻ ഇനത്തിലുണ്ടായിരുന്ന മുഴുവൻ തുകയും കൊടുത്തുതീർത്തിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങള്‍ മൂലം ചിലർക്കു പെന്‍ഷന്‍ നൽകാൻ വൈകി. എങ്കിലും 1900 കോടി രൂപയുടെ പെൻഷൻ കുടിശിക വിതരണം ചെയ്യാൻ സാധിച്ചു. ക്ഷേമ പെൻഷനുകളുടെ തുക കൂട്ടിയെന്നും മുഖ്യമന്ത്രി വിശദമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :