സമയം കിട്ടുന്നതനുസരിച്ച് ജിഷ്ണുവിന്റെ കുടുംബത്തെ കാണുമെന്ന് മുഖ്യമന്ത്രി, പിണറായിയിൽ നൂറ് ശതമാനം വിശ്വാസമാണെന്ന് ശ്രീജിത്ത്

സമരം അവസാനിച്ചു; കരാറിലെ പത്ത് കാര്യങ്ങൾ ഇതൊക്കെയാണ്...

aparna shaji| Last Modified തിങ്കള്‍, 10 ഏപ്രില്‍ 2017 (08:24 IST)
ജിഷ്ണു പ്രണോയ്‌യുടെ കുടുംബം നടത്തിവന്ന സമരം ആറാം ദിവസം അവസാനിച്ചു. സര്‍ക്കാര്‍ പ്രതിനിധികളും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുളളവരുടെ ഇടപെടലിനെ തുടര്‍ന്നുമാണ് കുടുംബം സമരം അവസാനിപ്പിച്ചത്.

തങ്ങള്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറയുന്നു. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സമരം അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യം പ്രഖ്യാപിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ചർച്ചകൾക്കൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ മഹിജയെ ഫോണില്‍ വിളിക്കുകയും പ്രതികളെ പിടികൂടാമെന്നും ഡിജിപി ഓഫിസിന് മുന്നിലുണ്ടായ പൊലീസ് അതിക്രമത്തില്‍ നടപടി എടുക്കാമെന്നും ഉറപ്പ് നല്‍കുകയും ചെയ്തു. കൂടാതെ ജിഷ്ണുവിന്റെ കുടുംബം ഉന്നയിച്ചതും സര്‍ക്കാര്‍ അംഗീകരിച്ചതുമായ പത്തുകാര്യങ്ങള്‍ കരാറാക്കി ഒപ്പുവെക്കുകയും ചെയ്തു. കരാറിലുളള പത്ത് വ്യവസ്ഥകള്‍ ഇതാണ്.

1. സ്വാശ്രയ മാനേജ്‌മെന്റ് വിദ്യാഭ്യാസമേഖലയില്‍ നടക്കുന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും.

2. ഇനി ജിഷ്ണു പ്രണോയിമാര്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട കരുതലുകള്‍ സ്വാശ്രയസ്ഥാപനങ്ങളില്‍ സ്വീകരിക്കും. ഈ അനുഭവം മറ്റു കുട്ടികള്‍ക്കുണ്ടാകരുത്.

3. കേസന്വേഷണത്തില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷണം തൃപ്തികരമാണോ എന്നും പരിശോധിക്കും.

4. മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കും.

5. നിലവില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണ സംഘം വിപുലീകരിക്കും.

6. മൂന്നാം പ്രതിയെ പിടികൂടിയ സ്ഥിതിക്ക് മറ്റ് പ്രതികളെ കണ്ടെത്തുന്നതുവരെ സമരപരിപാടികളില്ല. കേസിലെ മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാന്‍ നടപടിയെടുക്കും.

7. സമരത്തിന് ജിഷ്ണു പ്രണോയിയുടെ കുടുംബവും സുഹൃത്തുകളുമല്ലാതെ മറ്റാരും പങ്കെടുത്തിട്ടില്ല.എം. ഷാജര്‍ഖാന്‍, മിനി, ശ്രീകുമാര്‍ എന്നിവര്‍ സഹായിക്കാനെത്തിയതാണ്. ഇവര്‍ക്ക് സമരത്തില്‍ പങ്കില്ലെന്ന് സര്‍ക്കാരിനെയും ബോധ്യപ്പെടുത്തും. ഹിമവല്‍ ഭദ്രാനന്ദയെയും കെ.എം. ഷാജഹാനെയും അറിയില്ല. ഇവര്‍ എങ്ങനെയെത്തിയെന്നും അറിയില്ല.

8. ഡിജിപി ഓഫീസിനുമുന്നിലെ സംഭവത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കും. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

9. മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്ന മുറയ്ക്ക് ബന്ധുക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കും.

10. കരാര്‍ വ്യവസ്ഥയിലെ തീരുമാനങ്ങളുടെ നിര്‍വഹണവും അവയുടെ നടപടികളും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവിനെയും അറ്റോര്‍ണി കെ.വി. സോഹനെയും ധരിപ്പിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :