ഐശ്വര്യത്തിന്റേയും സ്നേഹത്തിന്റേയും ഓർമകളുമായി വീണ്ടുമൊരു വിഷുക്കാലം

വിഷുവെന്നാൽ സ്വർണ്ണപ്പൂക്കൾ മാത്രമല്ല - ഓർമകളിൽ ഒരു വിഷുക്കാലം

aparna shaji| Last Modified വെള്ളി, 14 ഏപ്രില്‍ 2017 (11:33 IST)
വിഷുവെന്ന് പറയുമ്പോൾ മലയാളികൾക്ക് ഓരൊരുത്തർക്കും ഓർമ വരിക കണിയും പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയുമായിരിക്കും. ഇതുമാത്രമല്ല, കൈനീട്ടവും പുത്തനുടുപ്പും കഴിഞ്ഞ കാലത്തിന്റെ മാധുര്യത്തിൽ നിന്നും വരും കാലത്തിന്റെ അതിമധുരം നുകരാനായ് കുറെയെറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായിട്ടാണ് ഒരു വിഷുക്കാലം കൂടി വരവാകുന്നത്.

ഏപ്രില്‍ 14- വിഷു, ഏതൊരു മലയാളിയുടെ മനസ്സിലും ശുഭ കാമനയുടെ സുന്ദരഭാവങ്ങള്‍ തൊട്ടുണര്‍ത്തുന്ന ദിനം. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ആദ്യം കാണുന്ന കാഴ്ച അനുസരിച്ചായിരിക്കും അന്നത്തെ ഫലം എന്നു വിശ്വസിക്കുന്നവര്‍ ഈ ശാസ്ത്രയുഗത്തിലും ധാരാളമുണ്ട്. അതെ, ഇത് പ്രതീക്ഷകളുടെ ദിനം. വരാനിരിക്കുന്ന നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളുടെ പൊന്‍കണി. പാവപ്പെട്ടവനു കണ്‍നിറയെ സ്വര്‍ണ്ണം കാണാന്‍ പൂത്തുലുഞ്ഞ കൊന്നമരങ്ങള്‍. മനസ്സില്‍ പൂത്ത സ്നേഹകൊന്നകള്‍ കണികണ്ടുണരുന്ന വിഷുപുലരി.

ഉത്സവമാണ് വിഷു. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്‍റെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും.

മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറുഞ്ഞ ഉത്സവമാണ് വിഷു, ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക് നടന്നു നീങ്ങുന്നു. വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വര്‍ണ്ണപൂക്കള്‍.

ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ഈ വിശേഷദിനം പ്രകൃതീശ്വരീ പൂജയ്ക്കുള്ള ദിവസം കൂടിയാണ്. കാര്‍ഷിക വിഭവങ്ങളും, കണിക്കൊന്നപൂക്കളും ഈ വിശേഷദിനത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. വിശ്വാസികള്‍ക്കു വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കര്‍ഷകര്‍ക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദിയും കുറിക്കുന്ന ദിനം. ജീവിതചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു.

ഐശ്വര്യത്തിന്‍റെ സന്ദേശമാണ് വിഷു. കേരളത്തില്‍ ഇത് നവവത്സരാരംഭമാണ്. ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നു. തമിഴ്നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്. വിഷു മേടവിഷുവെന്നും തുലാവിഷുവെന്നും രണ്ടുണ്ട്. മേടവിഷുവാണ് മലയാളികള്‍ക്ക് പ്രധാനം.

രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു.

ഐതീഹ്യം

വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, ഗരുഡനും, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. നരകാസുരന്‍റെ നഗരമാണ് പ്രാഗ് ജ്യോതിഷം അവിടെച്ചെന്ന് നഗരത്തിന്‍റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു.

ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.

മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നത് ഒരിക്കല്‍ രാവണന് ഇഷ്ടമായില്ല എന്നതാണിതിന് കാരണം.

കാലങ്ങള്‍ക്ക് ശേഷം, ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.

വിഷുവിന്‍റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :