വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ഓട്ടോ ഡ്രൈവർ അറസ്റ്റില്‍

തിരുവനന്തപുരം| akj iyer| Last Modified തിങ്കള്‍, 17 ജൂലൈ 2017 (16:48 IST)
എഞ്ചിനീയറിംഗ് അഞ്ചാം സെമസ്റ്ററിനു പഠിക്കുന്ന വിദ്യാർത്ഥിനിയെ തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് വച്ച് പട്ടാപ്പകൽ
തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ് ചെയ്തു. പള്ളിച്ചൽ നാരുവാമൂട് പരുത്തുംപാറ സ്കൂളിനടുത്ത് ചള്ളിവിളവീട്ടിൽ കുമാരൻ എന്ന നാല്പത്തിരണ്ടുകാരനെയാണ് പോലീസ് അറസ്റ് ചെയ്തത്.

പേട്ട പള്ളിമുക്കിലുള്ള വീട്ടിലേക്ക്
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ ഡാൻസ് ക്ലാസിനു പോയി തിരികെ വന്ന കുട്ടി കണ്ണമ്മൂല നിന്ന് പോകാനായി അതുവഴി വന്ന ഓട്ടോ വിളിച്ചു. കുട്ടി ഓട്ടോയിൽ കയറിയതുമുതൽ ഓട്ടോഡ്രൈവർ മോശമായി സംസാരിക്കാൻ തുടങ്ങി. തുടക്കത്തിൽ കുട്ടിയോട് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞെങ്കിലും സംഭാഷണം അതിരുവിടുന്നു എന്ന കണ്ട് ഭയന്ന
കുട്ടി നിശ്ശബ്ദയായിരുന്നു. പള്ളിമുക്കിലെത്തിയപ്പോൾ കുട്ടി ഓട്ടോ നിർത്താൻ പറഞ്ഞെങ്കിലും നിർത്താതെ പെട്ടഭാഗത്തേക്ക് അതിവേഗത്തിൽ ഓടിച്ചുപോയി.

എന്നാൽ സമചിത്തത വിടാതെ പെൺകുട്ടി വിവരം മൊബൈൽഫോണിലൂടെ പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചു.
പേട്ട റയിൽപാലത്തിനടുത്ത് വച്ച് ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടെങ്കിലും വെട്ടിത്തിരിച്ച് മുന്നേറാൻ ശ്രമിച്ച ഓട്ടോയിൽ പെൺകുട്ടി നിലവിളിക്കുന്നത് ശ്രദ്ധയിൽ പെട്ട ഹോം ഗാർഡും വിവരം പേട്ട പോലീസിൽ അറിയിച്ചു.

ഇതിനിടെ ട്രാഫിക് ബ്ലോക്കിൽ നിന്ന് മുന്നോട്ട് കടന്ന ഓട്ടോ ആനയറ പാലത്തിൽ കയറുന്നതിനിടെ വേഗത കുറഞ്ഞ തക്കം നോക്കി പെൺകുട്ടി ഓട്ടോയിൽ നിന്ന് പുറത്തുചാടി. ഇതിനിടെ പേട്ട റയിൽപാലത്തിൽ വച്ച് തന്നെ സംഭവം കണ്ട ചിലർ ബൈക്കിൽ പിന്തുടർന്നിരുന്നു. ഇവരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് ഓട്ടോഡ്രൈവറെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :