നാദിര്‍ഷായെ ഇന്നു ചോദ്യം ചെയ്യും; എല്ലാം തുറന്നു പറയാന്‍ തയ്യാറായി താരം

നാദിര്‍ഷയെ ഇന്നു ചോദ്യം ചെയ്യും

aparna| Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (10:11 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഉറ്റസുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തേക്കും. പത്തുമണിയോടെ നാദിര്‍ഷ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബില്‍ ഹാജരായേക്കുമെന്നാണ് സൂചനകള്‍.

ഹൈക്കോടതി നിർദേശിച്ചതനുസരിച്ചു വെള്ളിയാഴ്ച നാദിര്‍ഷ പൊലീസിനു മുന്നില്‍ ഹാജരായെങ്കിലും ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നടന്നില്ല. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച രാവിലെ 10ന് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാവാൻ നാദിർഷായോട് അന്വേഷണസംഘം ആവശ്യപ്പെട്ടത്.

അതോടൊപ്പം, കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങൾ. കേസിലെ കോടതി നടപടികൾ രഹസ്യമാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമായിരുന്നു ഇത്.

നടൻ ദിലീപ് നാലാം തവണയാണു ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തുന്നത്. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളി. തുടർന്നാണ് ദിലീപ് വീണ്ടും കീഴ്ക്കോടതിയെ സമീപിക്കുന്നത്. ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :