ദിലീപിന്‍റെ പങ്ക് ഞെട്ടിച്ചു, കടുത്ത ശിക്ഷ നല്‍കണം: ഇന്നസെന്‍റ്

Dileep, Mohanlal, Antony Perumbavoor, Prithviraj, Ramya Nambeesan, Innocent, രാമലീല, ദിലീപ്, മോഹന്‍ലാല്‍, മമ്മൂട്ടി, ആന്‍റണി പെരുമ്പാവൂര്‍, പൃഥ്വിരാജ്, രമ്യ നമ്പീശന്‍, ഇന്നസെന്‍റ്
തൃശൂര്‍| BIJU| Last Updated: ചൊവ്വ, 11 ജൂലൈ 2017 (20:22 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്‍റെ പങ്ക് ഞെട്ടിച്ചെന്ന് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റ് ഇന്നസെന്‍റ്. ഈ ഹീനകൃത്യത്തില്‍ പങ്കുള്ളത് ആരായാലും കടുത്ത ശിക്ഷ നല്‍കണമെന്നും ഇന്നസെന്‍റ് ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു കേസില്‍ പ്രതിയായ ഒരാളെ ‘അമ്മ’ പോലൊരു സംഘടനയില്‍ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാകില്ലെന്നും ഇന്നസെന്‍റ് വ്യക്തമാക്കി.

ഈ കേസില്‍ ദിലീപിനുള്ള പങ്ക് പൊലീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ദിലീപിന്‍റെ അംഗത്വം റദ്ദാക്കാന്‍ ‘അമ്മ’ തീരുമാനിച്ചത്. നടിക്കുണ്ടായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും അതിലെ ദിലീപിന്‍റെ പങ്കും ഞെട്ടിച്ചു. ഇങ്ങനെ ഒരു കൃത്യം ചെയ്ത കുറ്റവാളിയെ പിന്തുണയ്ക്കാന്‍ ആര്‍ക്കുമാവില്ല. സംഭവം നടന്ന ദിവസം മുതല്‍ ആ സഹോദരിക്ക് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും ഇന്നസെന്‍റ് വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഢാലോചനയില്‍ ദിലീപിനുള്ള പങ്ക് പുറത്തു വന്നയുടന്‍ ഏകകണ്ഠമായാണ് ദിലീപിനെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം ‘അമ്മ’ എടുത്തതെന്നും ഇന്നസെന്‍റ് വ്യക്തമാക്കി.

അതേസമയം, റിലീസിന് റെഡിയായിരിക്കുന്ന ദിലീപ് ചിത്രം ‘രാമലീല’യുടെ ഭാവി മമ്മൂട്ടിയും മോഹന്‍ലാലും തീരുമാനിക്കും. സംവിധായകന്‍ അരുണ്‍ ഗോപി ഈ ആവശ്യത്തിനായി മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കണ്ടു. കൊച്ചി പനമ്പള്ളി നഗറിലെ മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് അരുണ്‍ ഗോപി മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കണ്ടത്.

ദിലീപിന്‍റെ അറസ്റ്റോടെ രാമലീലയുടെ റിലീസ് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച സിനിമയാണിത്. 15 കോടി രൂപയോളമാണ് ചിത്രത്തിന്‍റെ ബജറ്റ്. സച്ചി തിരക്കഥയെഴുതിയ സിനിമ ഒരു പൊളിറ്റിക്കല്‍ ഫാമിലി ഡ്രാമയാണ്.

എതുവന്നാലും ജൂണ്‍ 20ന് ശേഷം റിലീസ് ചെയ്യുമെന്നാണ് നേരത്തേ ടോമിച്ചന്‍ മുളകുപാടം പറഞ്ഞിരുന്നത്. എന്നാല്‍ അന്ന് ദിലീപ് അറസ്റ്റിലായിരുന്നില്ല. ഇപ്പോള്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. ഇതോടെയാണ് മലയാളത്തിലെ മഹാനടന്‍‌മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണാന്‍ സംവിധായകന്‍ അരുണ്‍ ഗോപി തീരുമാനിച്ചതെന്നാണ് സൂചന.

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റ് സ്ഥാനം ഇന്നസെന്‍റ് ഒഴിയുമെന്ന് ഉറപ്പായിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച തീരുമാനമെത്തും. ബാലചന്ദ്രമേനോന്‍, കുഞ്ചാക്കോ ബോബന്‍, മോഹന്‍ലാല്‍ തുടങ്ങിയവരില്‍ ആരെങ്കിലും പ്രസിഡന്‍റായേക്കുമെന്നാണ് സൂചന.

യുവതാരങ്ങളുടെ പിന്തുണ കുഞ്ചാക്കോ ബോബനാണ്. എല്ലാവര്‍ക്കും സമ്മതനാണെന്നതും ചാക്കോച്ചന് ഗുണം ചെയ്യും. എന്നാല്‍ സീനിയര്‍ താരങ്ങളില്‍ ആരെങ്കിലും പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരണമെന്ന അഭിപ്രായം ശക്തമായാല്‍ ബാലചന്ദ്രമേനോന്‍ പ്രസിഡന്‍റാകാനാണ് സാധ്യത. നിലവില്‍ വൈസ് പ്രസിഡന്‍റായ മോഹന്‍ലാല്‍ പ്രസിഡന്‍റാകണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് ദിലീപിന് പുറത്തേക്കുള്ള വഴി തെളിച്ചത് മോഹന്‍ലാലിന്‍റെ കര്‍ശന നിലപാടാണ്. ദിലീപിനെ പുറത്താക്കണമെന്ന നിലപാടില്‍ മോഹന്‍ലാലും പൃഥ്വിരാജും ഉറച്ചുനിന്നപ്പോള്‍ മറ്റ് താരങ്ങളും ഈ നിലപാടിനെ പിന്തുണച്ചു. മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ ഭൂരിപക്ഷം താരങ്ങളും രംഗത്തെത്തിയതോടെ അമ്മ ‘മകനെ’ കൈവിടുകയായിരുന്നു.

മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും കൂടാതെ രമ്യാ നമ്പീശനും ആസിഫ് അലിയും ദിലീപിനെ പുറത്താക്കണമെന്ന കടുത്ത നിലപാടിലായിരുന്നു. പുറത്താക്കല്‍ അല്ലാതെ മറ്റൊരു തീരുമാനം ഉണ്ടായാല്‍ സംഘടന വിട്ടുപുറത്തുവരാന്‍ പൃഥ്വിരാജ് ആലോചിച്ചു. ദിലീപിനെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മമ്മൂട്ടിക്കൊപ്പം ഇടതുഭാഗത്ത് മോഹന്‍ലാലും വലതുഭാഗത്ത് പൃഥ്വിരാജും നിന്നു.

അതേസമയം, ലിബര്‍ട്ടി ബഷീറിന്‍റെ എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ത്ത് ദിലീപ് രൂപം കൊടുത്ത വിതരണക്കാരുടെ കൂട്ടായ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കി. നിര്‍മ്മാതാവിന്‍റെ ആന്‍റണി പെരുമ്പാവൂരിന്‍റെ നീക്കങ്ങളാണ് ഫിലിം എക്സിബിറ്റേഴ്സ് യൂണിയന്‍ ഓഫ് കേരളയില്‍ നിന്ന് ദിലീപ് പെട്ടെന്ന് പുറത്താകാനുള്ള കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :