ദിലീപിനോട് ‘അമ്മ’ ചെയ്തത് തെറ്റ്, അദ്ദേഹത്തെ കുറ്റവാളിയാക്കാന്‍ ആര്‍ക്കാണിത്ര തിടുക്കം ?; ആഞ്ഞടിച്ച് റസൂല്‍ പൂക്കുട്ടി

ദിലീപിനെ കുറ്റവാളിയാക്കാന്‍ എന്താണിത്ര തിടുക്കമെന്ന് റസൂല്‍ പൂക്കുട്ടി

resul pookutty,	dileep arrest,	dileep,	bhavana,	manju warrier,	kavya madhavan,	actress,	cinema,	pulsar suni,	ദിലീപ്,	അറസ്റ്റ്,	നടി,	ആക്രമണം,	ഭാവന
കൊച്ചി| സജിത്ത്| Last Modified ഞായര്‍, 13 ഓഗസ്റ്റ് 2017 (11:22 IST)
കൊച്ചിയില്‍ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയേറുന്നു. മലയാള സിനിമാ ലോകത്തെ ഒന്നടങ്കം കുറ്റപ്പെടുത്തിയും ദിലീപിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്തെത്തി. സിനിമാ ലോകം കൂട്ടത്തോടെ ദിലീപിനെതിരെ തിരഞ്ഞത് കണ്ട് താന്‍ അമ്പരന്നു പോയെന്ന് പൂക്കുട്ടി പറഞ്ഞു. ആദ്യമായാണ് കേസില്‍ പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് ദേശീയ തലത്തില്‍ തന്നെ പ്രശസ്തനായ ഒരു വ്യക്തി രംഗത്തെത്തുന്നത്.

ദിലീപ് അറസ്റ്റിലായ ആ നിമിഷം അയാളെ എല്ലാവരും ഉപേക്ഷിക്കുന്ന അവസ്ഥയാണുണ്ടായത്. പ്രാഥമിക അംഗത്വത്തില്‍ നിന്നും താരസംഘടനയായ അമ്മയും ദിലീപിനെ പുറത്താക്കി. ദിലീപിന്റെ കേസ് എന്താണെന്ന് അറിയാനാണ് ഒരു കൂട്ടം ആളുകള്‍ എത്തിനോക്കുന്നത്. ടിആര്‍പി റേറ്റിങ് കൂട്ടുന്നതിനു വേണ്ടിമാത്രമാണ് ഈ കേസിലെ പല മാധ്യമവിചാരണകളുമെന്നും നീതിപീഠം കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത് വരെ ഒരാള്‍ നിരപരാധിയാണെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു‍.


രാജ്യത്തെ നിയമവ്യവസ്ഥ ഒരാളെ കുറ്റക്കാരനാണെന്ന് വിധിക്കുന്നതിന് മുമ്പ് എന്തിനാണ് ഇത്ര വ്യഗ്രത. ഈ കുറ്റക്കാരായി ദിലീപിനെ ചിത്രീകരിക്കാന്‍ എന്തിനാണ് ആളുകള്‍ക്ക് ഇത്ര ധൃതിയെന്നും പൂക്കുട്ടി ചോദിച്ചു. കേസില്‍ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടന്നിരുന്നു. തെളിവെടുപ്പിനായി പൊതുസമൂഹത്തിന് മുമ്പിലൂടെയാണ് ദിലീപിനെ കൊണ്ടുപോയത്. ഇത് ഒരു തെറ്റായ നടപടിയാണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഈ കേസില്‍ കോടതി വിവേകത്തോടെ പെരുമാറുമെന്നാണ് തന്റെ പ്രതീക്ഷയെന്നും റസൂല്‍ പൂക്കുട്ടി പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, ആക്രമണത്തിനിരയായ നടിയെ റസൂല്‍ പൂക്കുട്ടി മോശമാക്കി ഒന്നും പറഞ്ഞില്ല. നടിക്കുണ്ടായ ദുരനുഭവത്തെ മാറ്റിനിര്‍ത്തിയല്ല താന്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതെന്ന് പൂക്കുട്ടി പറഞ്ഞു. വളരെ ക്രൂരവും പൈശാചികവുമായ അനുഭവമാണ് പെണ്‍കുട്ടിക്കുണ്ടായത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ കേസില്‍ മലയാളികളുടെ മനോഭാവമാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. ദിലീപ് തെറ്റുകാരനല്ലെങ്കില്‍ പരിതാപകരമെന്നുമാത്രമേ പറയാന്‍ കഴിയൂവെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :