തിരുവഞ്ചൂരും ആര്യാടനും ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചു, സരിതയിൽ നിന്നും കൈപറ്റിയത് 32 ലക്ഷം; എല്ലാത്തിനും തെളിവുണ്ടെന്ന് സോളാർ കമ്മീഷൻ

ഉമ്മൻചാണ്ടിക്കെതിരെ തെളിവുകൾ ഉണ്ടെന്ന് സോളാർ കമ്മീഷൻ

aparna| Last Modified വ്യാഴം, 9 നവം‌ബര്‍ 2017 (12:42 IST)
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ പ്രഥമദൃഷ്ട്യാ അഴിമതി കേസെടുക്കാനുള്ള തെളിവുകൾ ഉണ്ടെന്ന് റിപ്പോർട്ട്. സോളാർ കേസ് വിവാദമായപ്പോൾ മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിനായി അന്നത്തെ മന്ത്രിമാരായ ആര്യാടൻ മുഹമ്മദും തിരുവഞ്ചൂർ രാധാകൃഷ്ണനും ശ്രമിച്ചുവെന്നും ഇതിനു ശക്തമായ തെളിവുകൾ പക്കലുണ്ടെന്നും കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.

ക്രിമിനല്‍ നടപടികളില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാനാണ് തിരുവഞ്ചൂരിന്റെ ഭാഗത്തു നിന്നു ശ്രമമുണ്ടായത്. കൂടാതെ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രത്യേക അന്വേഷണസംഘത്തിനെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഉമ്മന്‍ ചാണ്ടിയും പേഴ്‌സനല്‍ സ്റ്റാഫും സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായരെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അന്നത്തെ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദും ടീം സോളാറിനെ സഹായിച്ചതായും റിപ്പോട്ടില്‍ പറയുന്നു. ഫോണ്‍ രേഖകളില്‍ ആഴത്തിലുള്ള അന്വേഷണം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിച്ചത്. വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെഎന്‍എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് സഭാ നടപടി തുടങ്ങിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു.

അതേസമയം, റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്നും കമ്മീഷന്‍ മുന്‍വിധിയോടെ പെരുമാറിയെന്നും യുഡിഎഫ് ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :