ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബത്തോട് കേരളത്തിന് വേണ്ടി മാപ്പുചോദിക്കുന്നു: മുഖ്യമന്ത്രി

മുരുകന്റെ കുടുംബത്തോട് കേരളം മാപ്പുപറയുന്നുവെന്ന് മുഖ്യമന്ത്രി

Pinarayi Vijayan , Treatment Denied ,  Murugan , Death , പിണറായി വിജയന്‍ ,  കെ കെ ശൈലജ, മുരുകന്‍ , മരണം
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2017 (11:29 IST)
ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയ തിരുനെല്‍വേലി സ്വദേശി മുരുകനോട് മാപ്പുപറഞ്ഞ് സര്‍ക്കാര്‍. അഞ്ച് ആശുപത്രികളാണ് മുരുകന് ചികിത്സ നിഷേധിച്ചത്. നാടിനൊട്ടാകെ അപമാനമുണ്ടാക്കിയ അതിക്രൂരമായ ഒരു സംഭവമാണിത്. മുരുകന്റെ കുടുംബത്തോട് കേരളത്തിന് വേണ്ടി താന്‍ മാപ്പുചോദിക്കുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മ്മാണം വേണമെങ്കില്‍ അതുംചെയ്യുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടത്താന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറോടു മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. അഞ്ചു ആശുപത്രികളില്‍ നിന്നും ചികിത്സ നിഷേധിച്ച സംഭവം അത്യന്തം ഗുരുതരമായ വീഴ്ചയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും നിയമസഭയില്‍ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്ററുകള്‍ ഒഴിവില്ലായിരുന്നുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഗുരുതര പരുക്കുകളോടെ ഏഴു മണിക്കൂറോളം മുരുകന് ആംബുലൻസിൽ കഴിച്ചുകൂട്ടേണ്ടിവന്നത്. ദേശീയപാതയിൽ ചാത്തന്നൂരിനു സമീപം ഇത്തിക്കര വളവിൽ ഞായർ രാത്രി 10.30നു ബൈക്ക് അപകടത്തിൽ പരുക്കേറ്റ തിരുനെൽവേലി സ്വദേശി മുരുകൻ അഞ്ച് ആശുപത്രികൾ കയറിയിറങ്ങിയശേഷം തിങ്കളാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

അതേസമയം, പനി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തളളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇന്നും സഭ വിട്ടിറങ്ങി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :