കോണ്‍ഗ്രസില്‍ കലാപം: ഉണ്ണിത്താന്‍ കോണ്‍‌ഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു

രാജ്മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്‍താവ് സ്ഥാനം രാജിവച്ചു

Rajmohan Unnithan, Congress, K Muralidharan, V M Sudheeran, Chennithala, Oommenchandy, രാജ്മോഹന്‍ ഉണ്ണിത്താന്‍, കോണ്‍‌ഗ്രസ്, കെ മുരളീധരന്‍, വി എം സുധീരന്‍, ചെന്നിത്തല, ഉമ്മന്‍‌ചാണ്ടി
തിരുവനന്തപുരം| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2016 (20:21 IST)
സംസ്ഥാന കോണ്‍ഗ്രസില്‍ കലാപം. കെ പി സി സി വക്താവ് സ്ഥാനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാജിവച്ചു. രാജിക്കത്ത് ഉണ്ണിത്താന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന് കൈമാറി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ സമ്മതിക്കുന്നില്ലെന്ന് രാജിക്കത്തില്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

കെ മുരളീധരനെതിരെ ആഞ്ഞടിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിന് പിന്നാലെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാജിവച്ചിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് തെരുവ് യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് സൂചന. 2004ലെ മുണ്ടുരിയല്‍ നാണക്കേടിന്‍റെ നിലവാരത്തിലേക്ക് കോണ്‍ഗ്രസിലെ പോര് മുറുകുന്നു.

കെ മുരളീധരന്‍റെ അഭിപ്രായം ചര്‍ച്ച ചെയ്യണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത് പാര്‍ട്ടിയുടെ നയമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് എ ഗ്രൂപ്പിലെ ശക്തന്‍ കെ സി ജോസഫ് കത്ത് നല്‍കിയിരുന്നു. അതുകൂടി കണക്കിലെടുത്ത് എ ഗ്രൂപ്പിനെതിരെ പരോക്ഷമായി കടുത്ത പരാമര്‍ശങ്ങള്‍ നടത്താനും ഉണ്ണിത്താന്‍ തയ്യാറായിരുന്നു.

“കെ പി സി സി പ്രസിഡന്‍റിനെയും പ്രതിപക്ഷനേതാവിനെയും ഉമ്മന്‍‌ചാണ്ടിയെയും എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ അതിനെ പ്രതിരോധിക്കും. സോളാര്‍ കേസില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വഴിനടക്കാന്‍ പറ്റാതാക്കിയത് ഞാനല്ല. ഉമ്മന്‍‌ചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിന്‍റെ പേരില്‍ കമ്യൂണിസ്റ്റുകാരുടെ മര്‍ദ്ദനമേറ്റു. സോളാര്‍ കേസില്‍ പെട്ടവര്‍ക്ക് വേണ്ടി ചാനലുകളായ ചാനലുകള്‍ തോറും ഞാന്‍ പ്രസംഗിച്ചു. അതെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടിയാണ്. എന്‍റെ കുടുംബത്തിന് വേണ്ടിയല്ല. സോളാര്‍ കേസ് വന്ന അന്ന് ഈ വക്താവ് സ്ഥാനം ഒഴിയണമെന്ന് ഞാന്‍ ആലോചിച്ചതാണ്. അന്നെന്നോട് പലരും പറഞ്ഞു ഉണ്ണിത്താന് ഈ വിഴുപ്പുചുമക്കേണ്ട കാര്യമുണ്ടോ എന്ന്. ഇപ്പോള്‍ എനിക്ക് അത് മനസിലായി. ചിലര്‍ കെ പി സി സി ആക്രമിക്കുന്നത് ചില ശിഖണ്ഡികളെ മുന്‍‌നിര്‍ത്തിയാണ്. രാഷ്ട്രീയത്തിലെ യുദ്ധം നേരിട്ടായിരിക്കണം. പിന്നില്‍ നിന്ന് കുത്തുകയല്ല. പ്രതിപക്ഷനേതാവിനെക്കുറിച്ചും കെ പി സി സി അധ്യക്ഷനെക്കുറിച്ചും ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ നേരിട്ട് പറയണം. അതിന് ശിഖണ്ഡികളെ ഉപയോഗിക്കുന്നത് അധര്‍മ്മമാണ്” - വാര്‍ത്താസമ്മേളനത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കിയിരുന്നു.

“എനിക്ക് ഒരു ഷുവര്‍ സീറ്റ് കോണ്‍ഗ്രസ് പാര്‍ട്ടി തന്നിട്ടില്ല. പാര്‍ട്ടി എന്നോട് അനീതി കാണിച്ചിട്ടും ഞാന്‍ വേറെ ഒരു പാര്‍ട്ടിയില്‍ പോയിട്ടില്ല. സുധീരനെയും ചെന്നിത്തലയെയും ഉമ്മന്‍‌ചാണ്ടിയെയും സംരക്ഷിച്ചു സംസാരിക്കുകയായിരുന്നു എന്നും ഞാന്‍. മഞ്ചേരിയില്‍ എനിക്കെതിരെയുണ്ടായ കേസ് കോടതിയില്‍ വന്നപ്പോള്‍ തന്നെ തള്ളിപ്പോയി. അന്നത്തെ കെ പി സി സി അധ്യക്ഷന്‍ രമേശ് എനിക്കെതിരെ ഒരു അന്വേഷണം വച്ചു. ആ നടപടി പാര്‍ട്ടി പരിശോധിച്ചു. 48 പേരെ കോഴിക്കോട്ട് വരുത്തി മൊഴിയെടുത്തു. ഞാന്‍ നിരപരാധിയാണെന്ന് കണ്ടെത്തിയയുടന്‍ സസ്പെന്‍ഷന്‍ പിന്‍‌വലിച്ചു. സോളാര്‍ കേസില്‍ ഒരു പെണ്‍കുട്ടി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരന്വേഷണം നടത്തിയില്ല. അപ്പോള്‍ ഈ പാര്‍ട്ടിയില്‍ രണ്ട് നീതിയാണ്” - രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :