ഇന്നസെ‌ന്റ് സത്യാഗ്രഹ സമരത്തിലേക്ക്

ജനങ്ങൾക്കായി ഇന്നസെന്റ് സമരത്തിലേക്ക്

aparna shaji| Last Modified വ്യാഴം, 4 മെയ് 2017 (07:42 IST)
നടനും എംപിയുമായ ഇന്നസെന്റ് സത്യാഗ്രഹ സമരത്തിനൊരുങ്ങുന്നു. ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ റെയിൽവേ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇന്നസെന്റ് സമരം ചെയ്യുക. മെയ് 13ന് ചാലക്കുടി റെയിൽവേ സ്റ്റേഷന് മുന്നിലാണ് സമരം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഇന്നസെന്റ് തന്നെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഇന്നസെന്റിന്റെ വാക്കുകളിലൂടെ:

ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ റെയിൽവേ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കണം എന്ന ആവശ്യമുയർത്തി മെയ് 13ന് ഞാൻ സത്യാഗ്രഹം അനുഷ്ഠിക്കും. ചാലക്കുടി റെയിൽവേ സ്റ്റേഷന് മുന്നിലാണ് സത്യാഗ്രഹം.

മണ്ഡലത്തിലെ റെയിൽ വികസനത്തിനായി റെയിൽവേ മന്ത്രാലയം ഇപ്പോഴത്തെ നിഷേധാത്മക സമീപനം ഉപേക്ഷിക്കണം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ഞാൻ ആദ്യമായി വിളിച്ചു ചേർത്ത യോഗം റെയിൽവേ വികസനവുമായി ബന്ധപ്പെട്ടതായിരുന്നു. റെയിൽവേ ഉന്നതോദ്യോഗസ്ഥരും യാത്രക്കാരുടെ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്ത ആ യോഗം മുതൽ മണ്ഡലത്തിലെ റെയിൽവേ വികസന പദ്ധതികൾക്കായി റെയിൽവേ മന്ത്രി/ബോർഡ് തലത്തിൽ തന്നെ നിരന്തരം ഇടപെട്ടു വരികയാണ്.

റെയിൽവേ സ്റ്റേഷനുകളുടെ ആധുനീകരണവും വികസനവും, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്, മേൽപ്പാലങ്ങൾ/ അടിപ്പാതകൾ എന്നിവയുടെ നിർമാണം, ശബരി പാതയുടെ പൂർത്തീകരണം തുടങ്ങിയ മേഖലകളിലായി മണ്ഡലത്തിലെ റെയിൽ വികസനത്തിനുള്ള സമഗ്ര നിർദ്ദേശം തയ്യാറാക്കി മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. പല തലങ്ങളിലായി നിരവധി തവണ ഇതേക്കുറിച്ച് ചർച്ചകളും നടത്തി. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിനിടെ റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, അംഗങ്ങൾ എന്നിവരുമായും ചർച്ച നടന്നു.

എന്നാൽ നിരന്തരം ഉന്നയിക്കുന്ന ജനകീയ ആവശ്യങ്ങൾ നിറവേറ്റാൻ റെയിൽവേ മന്ത്രാലയത്തിന് കഴിയുന്നില്ല എന്നതാണ് അനുഭവം. ഏറ്റവുമൊടുവിൽ പാലരുവി എക്സ്പ്രസിന് സ്റ്റോപ്പ് നിർണയിച്ചപ്പോഴും മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകൾ ഒഴിവാക്കപ്പെട്ടു. എം.പി ഫണ്ടിൽ നിന്ന് 3 വർഷം മുൻപ് പണം അനുവദിച്ച അമ്പാട്ടുകാവ് സബ് വേ യുടെ നിർമ്മാണം തുടങ്ങുന്നതിലും ഈ മെല്ലെപ്പോക്ക് നയം തടസം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സത്യാഗ്രഹം. ഏവരുടേയും സഹകരണം ഉണ്ടാവുമല്ലോ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :