സൈബര്‍ ലോകത്ത് ബ്രാന്‍ഡ് ആകണോ? വാള്‍പോസ്റ്റേഴ്സ് വിചാരിച്ചാല്‍ മതി !

JOYS JOY| Last Updated: വ്യാഴം, 30 ഏപ്രില്‍ 2015 (09:07 IST)
സൈബര്‍ ലോകം ഇന്ന് ഒരു രണ്ടാം ലോകമായി മാറിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ ഒരു ഭാഗമാണത്. ഫേസ്‌ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസും പോലെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ നാം കാണാത്ത പലരെയും കാണുകയും അറിയുകയും ചെയ്യുന്നു. പുതിയ സൌഹൃദങ്ങള്‍ക്കും സൌഹൃദങ്ങള്‍ പുതുക്കാനും മാത്രമല്ല പിന്നെയും ഒരുപാട് സാധ്യതകളുണ്ട് സോഷ്യല്‍ മീഡിയയില്‍. അതെല്ലാം കൈപ്പിടിയിലൊതുക്കി അതിന് ഒരു കമ്പനിയുടെ പേരും നല്കിയ രണ്ടു മിടുക്കരുണ്ട് - വാള്‍പോസ്റ്റേഴ്സ്.കോം എന്ന സ്റ്റാര്‍ട് അപ് കമ്പനി ആ കൂട്ടുകാരുടെ ചിന്തയില്‍ നിന്ന് പിറന്നതാണ്.
 
പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ ബിസിനസ് അഡ്‌മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം ചെയ്ത രണ്ടു സുഹൃത്തുക്കളാണ് ഈ സംരംഭത്തിനു പിന്നില്‍. ആന്‍ഷൈന്‍ തോമസ്, ലിന്‍സണ്‍ ഡാര്‍ലി എന്നീ സുഹൃത്തുക്കള്‍ ഉറക്കമില്ലാതെ ഒരുമിച്ചു നിന്ന് മുന്നോട്ടു നീങ്ങിയപ്പോള്‍ കൊച്ചിയില്‍ സ്വന്തമായി ഒരു ഓഫീസും പത്തു ജീവനക്കാരുമുള്ള ഒരു സ്ഥാപനമായി മാറി വാള്‍പോസ്റ്റേഴ്സ്.
 
തുടക്കം, രണ്ടു പേരുടെ ബുദ്ധിയില്‍ നിന്നും രണ്ട് ലാപ്‌ടോപ്പില്‍ നിന്നുമാണെന്ന് ഓര്‍ക്കണം. പലരും നേരം പോക്കിനായി ഫേസ്‌ബുക്കില്‍ എത്തിയപ്പോള്‍ ആ നേരംപോക്കിനെ കാര്യമായി കണ്ടു കൊണ്ടാണ് ഇവര്‍ ഫേസ്‌ബുക്കിന്റെ വാതായനം തുറന്നത്. വ്യവസായ സ്ഥാപനങ്ങള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവയുടെ പേജ് മാനേജ് ചെയ്യുക, ഏറ്റവും പുതിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആളുകളെ ആ ബ്രാന്‍‌ഡുമായി ചേര്‍ത്തു നിര്‍ത്തുക എന്നിവ ഒക്കെയാണ് ഇവര്‍ ലക്‌ഷ്യം വയ്ക്കുന്നത്.
 
രണ്ടു ലാപ്‌ടോപ്പുകളും വളരെ ചെറിയ മൂലധനവുമായി ആരംഭിച്ച വാള്‍പോസ്റ്റേഴ്സിന് ഡിസൈനേഴ്സ്, കണ്ടന്റ് റൈറ്റേഴ്സ്, സോഷ്യല്‍ - മീഡിയ എക്സ്‌പേര്‍ട്‌സ് തുടങ്ങി പത്തിലധികം ജീവനക്കാര്‍ ഉണ്ട്. ഹോട്ടലുകള്‍, ടെക്സ്റ്റൈല്‍സ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫോട്ടോഗ്രാഫേഴ്സ്, ബില്‍ഡേഴ്സ്, ഓണ്‍ലൈന്‍ പോര്‍ട്ടല്‍സ്, സിനിമ - രാഷ്‌ട്രീയ പ്രമുഖര്‍ തുടങ്ങി അമ്പതോളം സംതൃപ്‌തരായ ഉപഭോക്താക്കളുണ്ട്. സാമൂഹ്യമാധ്യമങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചില റിസോര്‍ട്ടുകളും ബുട്ടീക്കുകളും ഇതിന് ഉത്തമോദാഹരണമാണ്.
 
ഫേസ്‌ബുക്കിന്റെ രജിസ്റ്റേഡ് ഏജന്റുകളില്‍ ഒന്നാണ് വാള്‍പോസ്റ്റേഴ്സ്. ഐഐടിടിഎം ഗ്വാളിയോര്‍ അടക്കമുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍  മീഡിയയില്‍ റിസര്‍ച്ച് ചെയ്യുവാനായി വാള്‍പോസ്റ്റേഴ്സില്‍ എത്തുന്നു എന്നത് കേരളത്തിന് കൂടി അഭിമാനമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :