മോസിലയുടെ പുതിയ ഫയര്‍ഫൊക്സ് പുറത്തിറങ്ങി

ലണ്ടന്‍| WEBDUNIA|
പ്രമുഖ വെബ് ബ്രൌസര്‍ നിര്‍മ്മാതാക്കളായ മോസില ഏറ്റവും പുതിയ ഉല്‍പ്പന്നം ഫയര്‍ഫൊക്സ് 3.5 ബീറ്റ 4 പുറത്തിറക്കി. നിലവില്‍ ലഭ്യമായ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി നിരവധി മാറ്റങ്ങളോടെ പുറത്തിറക്കിയ ഫയര്‍ഫൊക്സ് 3.5 ബീറ്റ 4 ബ്രൌസിംഗ് വേഗതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണെന്നാണ് മോസില അധികൃതര്‍ അവകാശപ്പെടുന്നത്.

മൈക്രോസോഫ്റ്റ് വിന്‍ഡോസ്, മാക് ഒഎസ് എക്സ്, ലിനക്സ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ ഫയര്‍ഫൊക്സ് നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാനാകും. നിരവധി സാങ്കേതിക തകരാറുകള്‍ കൊണ്ട് മുടങ്ങിയിരുന്ന ഫയര്‍ഫൊക്സ് 3.5 ബീറ്റ നാല് അടുത്ത ജൂണ്‍ അവസാനത്തിലെ പുറത്തിറങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ഗെക്കോ 1.9.1 വെബ് പേജ് ലേഔട്ട് റെന്‍ഡറിംഗ് എഞ്ചിന്‍ അടിസ്ഥാനമാക്കിയാണ് ബീറ്റ4 നിര്‍മ്മിച്ചിരിക്കുന്നതെന്ന് മോസില സാങ്കേതിക വിഭാഗം മേധാവി പറഞ്ഞു. ആറോളം അധിക ഭാഷകളില്‍ കൂടി പുതിയ ഫയര്‍ഫൊക്സ് ലഭ്യമാകും. ഇതോടെ മോസിലയുടെ ഫയര്‍ഫൊക്സ് മൊത്തം 70 ഭാഷകളില്‍ ലഭിക്കും. പ്രൈവറ്റ് ബ്രൌസിംഗ് മോഡ്, ട്രേസ്മങ്കി ജാവാസ്ക്രിപ്റ്റ് എഞ്ചിന്‍ എന്നീ സേവനങ്ങള്‍ ബീറ്റ നാലിലും ലഭ്യമായിരിക്കും. ഫയര്‍ഫൊക്സ് 3.5 ബീറ്റ 3 കഴിഞ്ഞ മാര്‍ച്ചിലാണ് പുറത്തിറക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :