ഒരു ഗ്രാമത്തിന്റെ കുഞ്ഞന്‍ ‘ഫേസ്‌ബുക്ക്‌’

മലപ്പുറം| WEBDUNIA|
PRO
PRO
ഓണ്‍ലൈന്‍ സാങ്കേതിക ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളായ ഫേസ്ബുക്ക്, ഒര്‍ക്കുട്ട്, ട്വിറ്റര്‍, മൈസ്പേസ് എന്നിവയോട് മത്സരിക്കാന്‍ ഈ കുഞ്ഞു സൌഹൃദ കൂട്ടായ്മയ്ക്ക് കഴിഞ്ഞെന്ന് വരില്ല. കോടിക്കണക്കിന് ഉപയോക്താക്കളെയും കിട്ടില്ല. എങ്കിലും ഇവര്‍ നല്‍കുന്ന മിക്ക സേവനങ്ങളും ഈ കൊച്ചു സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റില്‍ ലഭ്യമാണ്. അതെ, മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിനു വേണ്ടി മാത്രമായുള്ള സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റായ വളവന്നൂര്‍ ഡോട്ട്‌ കോമിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

ഇതില്‍ ഒരു ഗ്രാമത്തിന്റെ ജീവിതമാണ് പ്രതിഫലിക്കുന്നത്. വളവന്നൂര്‍ പഞ്ചായത്തിലെ ഓരോ വ്യക്‌തിക്കും തന്റെ സാന്നിധ്യം അറിയിക്കാനും സൗഹൃദം പങ്കുവെക്കാനുമുള്ള ഒരിടം മാത്രമാണ് ഈ സൈറ്റ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അസ്‌ത്രം എന്ന പേരില്‍ പ്രാദേശിക പത്രം ഇറക്കിയിരുന്നവര്‍ തന്നെയാണ് ഇത്തരമൊരു സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

പ്രമുഖ സോഷ്യല്‍ മീഡിയകളിലെ പോലെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാനും, പരസ്പരം പങ്കുവയ്ക്കാനും, സ്വന്തം അഭിപ്രായങ്ങള്‍ പറയാനുമൊക്കെ സൗകര്യം വളവന്നൂര്‍ ഡോട്ട്‌ കോം സൈറ്റിലുണ്ട്‌. എന്നാല്‍, എല്ലാം ഈ ഗ്രാമത്തിന്റെ, ഗ്രാമവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ആയിരക്കണമെന്ന് നിര്‍ബന്ധമുണ്ട്. വളവന്നൂര്‍ പഞ്ചായത്തില്‍ ഇക്കുറി ചെങ്കൊടി പാറുമോ എന്ന ചര്‍ച്ചയില്‍ നിരവധി പേര്‍ പങ്കെടുത്ത് അഭിപ്രായം അറിയിച്ചിട്ടുണ്ട്.

ഇവിടത്തെ പ്രവാസികളുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രം കൂടിയായി ഈ സൈറ്റ് മാറി കഴിഞ്ഞു. സ്വന്തം നാടും നാട്ടുകാരും ഒത്തുചേരുന്ന ഇത്തരമൊരു സംരംഭത്തെ പ്രവാസികള്‍ അതീവ താത്പര്യത്തോടെ സ്വീകരിച്ചു കഴിഞ്ഞു. അതെ, സ്വന്തം നാടിനെ കുറിച്ച്, നാടിന്റെ പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്തി, ബ്ലോഗും, കവിതയും കഥയും എഴുതി വളവണ്ണൂര്‍ ഗ്രാമീണര്‍ ദിവസവും ഈ കുഞ്ഞന്‍ ഫേസ്ബുക്കില്‍ ഒത്തുചേരുന്നു, നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന സൌഹൃദം നിലനിര്‍ത്താന്‍.

കടപ്പാട് - ബി ലൈവ് ന്യൂസ് ഡോട്ട് കോം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :