സോഷ്യല്‍ മീഡിയകളില്‍ ഒതുങ്ങുന്ന ക്രിസ്തുമസ്; കുറ്റം കാലത്തിനോ നമ്മള്‍ക്കോ ?

ക്രിസ്തുമസ് കാര്‍ഡുകള്‍ ഓര്‍മയാകുമ്പോള്‍...

ക്രിസ്തുമസ് ആശംസ, ക്രിസ്തുമസ്, സോഷ്യല്‍ മീഡിയ Christmas Wishes, Christmas, Social Media
സജിത്ത്| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2016 (18:05 IST)
നന്‍‌മയുടെയും ശാന്തിയുടെയും സന്തോഷത്തിന്റെയും പശ്ചാത്തലത്തില്‍ ഒരു ക്രിസ്തുമസ് കൂടി ആഗതമാവുന്നു.
എല്ലാ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും ഉണ്ണിയേശുവിനെ വരവേല്‍ക്കാനായി ഒരുങ്ങിക്കഴിഞ്ഞു. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം ക്രിസ്തുമസ് ആശംസകള്‍ അയക്കുന്നതിനും മറ്റുമായുള്ള നെട്ടോട്ടത്തിലാണ് ആളുകള്‍. എല്ലാ സ്ഥലങ്ങളിലും ക്രിസ്തുമസ് വിപണിയും സജീവമായി.

കുറച്ചു കാലങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ആശംസകള്‍ നേരുന്നതിനാ‍യി ഗ്രീറ്റിംങ് കാര്‍ഡുകള്‍ക്കായിരുന്നു ആവശ്യക്കാര്‍ ഏറേയും. എന്നാല്‍ ഈ ന്യൂജെന്‍ കാലഘട്ടത്തില്‍ കാ‍ര്‍ഡുകള്‍ക്ക് അത്രതന്നെ പ്രിയമില്ലയെന്നതാണ് വസ്തുത. ക്രിസ്തുമസ് അവധിക്ക് സ്കൂള്‍ അടയ്ക്കുന്ന ദിവസം പ്രിയ സുഹൃത്തിനു കൊടുക്കുവാനായി കൈയിലൊളിപ്പിച്ചുവെച്ച ഗ്രീറ്റിംങ് കാര്‍ഡ് ഇക്കാലത്ത് ഓര്‍മയാ‍യിക്കൊണ്ടിരിക്കുകയാണ്

ദിവസങ്ങളോളം പോസ്റ്മാനെ കാത്തിരുന്നു മുഷിയുമ്പോള്‍ വീട്ടിലെ കത്ത് പെട്ടിയിലെത്തുന്ന കസിന്‍സിന്റെ ക്രിസ്തുമസ് -ന്യൂ ഇയര്‍ കാര്‍ഡ്. ഒരു കാലഘട്ടത്തിൽ, ക്രിസ്തുമസെത്തി എന്നറിയിച്ചുകൊണ്ടിരുന്നതുപോലും ആ ക്രിസ്തുമസ് കാര്‍ഡുകളായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ മാത്രമെ അത്തരം കാര്‍ഡുകള്‍ കണ്ടിട്ടുള്ളൂയെന്നതാണ് സത്യം.

അക്കാലത്ത് നമുക്ക് ലഭിച്ച ക്രിസ്തുമസ് കാര്‍ഡ് ഇന്നും നമ്മളില്‍ പലരുടെയും ഓര്‍മ്മപ്പെട്ടിയിലുണ്ടണ്ടാകും ‘Merry and a Happy New Year’ എന്ന് ലളിതമായി എഴുതപ്പെട്ടിരിക്കുന്ന ആ കാര്‍ഡുകള്‍ ഈ കാലഘട്ടത്തില്‍ ചരിത്രമാവുകയാണ്. എന്നാല്‍ ഇപ്പോള്‍ വിഷസ് പറയുന്നത് ഒന്നുകില്‍ ഫേസ്ബുക്കില്‍ സ്‌റാറ്റസിട്ടു ടാഗ് ചെയ്തോ അല്ലെങ്കില്‍ വാട്ട്‌സ് ആപ്പില്‍ ഫോര്‍വേഡു ചെയ്തോ ആണെന്നതാണ് മറ്റൊരു വസ്തുത.

ഈ ന്യൂജെന്‍ കാലഘട്ടത്തില്‍ ഇലക്ട്രോണിക് മീഡിയകളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും അരങ്ങു വാഴുമ്പോഴും ന്യൂ ഇയര്‍ ദൂതുമായെത്തുന്ന കാര്‍ഡുകള്‍ പറയുന്നതു ബന്ധങ്ങളുടെ ആഴവും സ്‌നേഹത്തിന്റെ ഇഴയടുപ്പവുമാണ്. കാലമേറെച്ചെന്നാലും ന്യൂ ഇയര്‍ വിപണിയിലെ ആശംസാകാര്‍ഡുകളുടെ തനിമ അതേപടി തുടരുമായിരുന്നെങ്കിലെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :