ഇങ്ങനെപോയാല്‍ പോക്കിമോന്‍ എല്ലാവരെയും വഴിതെറ്റിക്കും; നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു

അമേരിക്ക, ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഹിറ്റായ പോക്കിമോന്‍ വന്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം.

priyanka| Last Modified വ്യാഴം, 14 ജൂലൈ 2016 (16:09 IST)
സ്മാര്‍ട്‌ഫോണ്‍ ഗെയിം മേഖലയില്‍ സൂപ്പര്‍സ്റ്റാറായി മുന്നേറുന്ന പോക്കിമോനെ കുറിച്ചുള്ള ആശങ്കകളും വര്‍ദ്ധിക്കുന്നു. അമേരിക്ക, ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഹിറ്റായ പോക്കിമോന്‍ വന്‍ സുരക്ഷാ ഭീഷണി
സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം. പോക്കിമോന്‍ ഗോ ഗെയിമില്‍ നിന്നും പല സ്ഥലങ്ങളും ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വെര്‍ച്വല്‍ റിയാലിറ്റിയില്‍ കളിക്കാവുന്ന ഗെയിം പാര്‍ക്ക്, മ്യൂസിയം, ശവപ്പറമ്പ്, സെമിത്തേരി, തന്ത്രപ്രധാന സ്ഥലങ്ങള്‍ എന്നിവയ്ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്. കളിക്കാരന്റെ മുന്നിലുള്ള സ്ഥലത്താണ് പോക്കിമോന്‍ നടക്കുന്നതെന്ന് തോന്നിക്കുന്നതാണ് പ്രധാന പ്രശ്‌നം.

പോക്കിമോന്‍ കഥാപാത്രങ്ങളെ അന്വേഷിച്ച് കുട്ടികള്‍ അപകടം നിറഞ്ഞ ഇടങ്ങളിലേക്ക് സഞ്ചരിച്ചേക്കാം. ഇത് അപകടം വിളിച്ച് വരുത്തും. സ്‌ക്രീനില്‍ കാണുന്ന പോക്കിമോനെ അന്വേഷിച്ചുള്ള യാത്രയാണ് ഗെയിം. സ്മാര്‍ട്‌ഫോണിലെ ജിപിഎസ് വഴി നല്‍കുന്ന വഴിയിലൂടെ സഞ്ചരിച്ച് പോക്കിമോനുകളെ പിടിക്കണം. പോക്കിമോനെ തേടിപ്പോകുന്ന കുട്ടികള്‍ കിണറ്റലോ പുഴയിലോ മറ്റേതെങ്കിലും ഇടങ്ങളിലോ എത്തിപ്പെടാന്‍ സാദ്ധ്യതയുണ്ട്. പോക്കിമോനെ തേടിപ്പോയി ഇതിനോടകം കുട്ടികള്‍ക്ക് പല അപകടങ്ങളും സംഭവിച്ച് കഴിഞ്ഞു. ഏറെ സുരക്ഷാ പ്രശ്‌നമുള്ള ഗെയിമിനെതിരെ പൊലീസ് വരെ രംഗത്തെത്തി. കുട്ടികളെ ശ്രദ്ധിക്കണമെന്നും ഗെയിം കളിക്കുന്നുണ്ടെങ്കില്‍ ഏറെ സൂക്ഷിക്കണമെന്നും മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിന്റെന്റോ ഗെയിംസ് ആണ് പോക്കിമോന്റെ നിര്‍മ്മാതാക്കള്‍. ചുരുങ്ങിയ ദിവസം കൊണ്ട് 75 ലക്ഷത്തിലധികം പേരാണ് പോക്കിമോനെ ഡൗണ്‍ലോഡ് ചെയ്തത്. ഇതിലൂടെ 16 ലക്ഷം ഡോളറാണ് കമ്പനി നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :