അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാം, വേണമെങ്കില്‍ എഡിറ്റിങ്ങും നടത്താം; കിടിലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് !

വാട്‌സ്ആപ്പ് മെസേജിങ്ങ് ഇനി കൈവിട്ട കളിയല്ല

whatsapp, message വാട്‌സ്ആപ്പ്, മെസേജിങ്ങ്
സജിത്ത്| Last Modified വെള്ളി, 16 ഡിസം‌ബര്‍ 2016 (15:26 IST)
അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനം വാട്സ്‌ആപ്പില്‍ വരുന്നു. ഇതിനായുള്ള ഫീച്ചര്‍ ഉടന്‍ തന്നെ വാട്‌സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏതെങ്കിലും തരത്തില്‍ തെറ്റായി ആര്‍ക്കെങ്കിലും സന്ദേശമയച്ചാല്‍ അത് പിന്‍വലിക്കുന്നതിനു വേണ്ടി യൂസര്‍മാരെ സഹായിക്കുന്നതിനാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു‍.

വാട്‌സ്ആപ്പ്ബീറ്റാഇന്‍ഫോ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ പുതിയ ഫീച്ചറിനെപ്പറ്റിയുള്ള വാര്‍ത്ത വന്നിരിക്കുന്നത്. നിലവില്‍ വാട്‌സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ സ്വന്തം സ്‌ക്രീനില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ മാത്രമാണ് സാധിക്കുന്നത്. എന്നിരുന്നാലും മറുഭാഗത്തുള്ള യൂസര്‍ക്ക് ഈ സന്ദേശം ലഭിക്കുന്നത് തടയാന്‍ സാധിക്കുമായിരുന്നില്ല. ഇതിനുള്ള പരിഹാരമായാണ് വാട്‌സ്ആപ്പ് ഈ പുതിയ ഫീച്ചര്‍ ഒരുക്കുന്നത്.

അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സൌകര്യവും ഈ ഫീച്ചറില്‍ ഉണ്ടാകുമെന്നുള്ള സൂചനയുമുണ്ട്. ഐഒഎസ്സിനായുള്ള വാട്‌സ്ആപ്പിന്റെ 2.17.1.869 ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ ലഭ്യമാണെന്നാണ് നിലവിലുള്ള വിവരം. അയച്ച സന്ദേശം സ്വീകര്‍ത്താവ് വായിച്ചെങ്കിലും പിന്‍വലിക്കാന്‍ സാധിക്കും. കൂടാതെ ഗ്രൂപ്പ് ചാറ്റിലും ഈ ഫീച്ചര്‍ ലഭ്യമാകുമെന്നും ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :