എച്ച്ടിസി വിന്‍ഡോസ് ഫോണിറക്കി, ആന്‍ഡ്രോയിഡിന്റെ പകുതി വിലയ്ക്ക്!

ന്യൂയോര്‍ക്ക്| VISHNU.NL| Last Updated: ബുധന്‍, 20 ഓഗസ്റ്റ് 2014 (17:33 IST)
ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ടിസിയുടെ വണ്‍ എം8 മോഡലിന്റെ വിന്‍ഡോസ് പതിപ്പ് കമ്പനി പുറത്തിറക്കി. എച്ച്ടിസിയുടെ ആദ്യ വിന്‍ഡോസ് ഫോണ്‍ എന്ന സവിശേഷതയ്ക്കു പുറമേ ആന്‍ഡ്രോയിഡ് ഫോണിനേക്കാള്‍ പകുതി വിലയാണ് ഇതിനിട്ടിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത.

മൈക്രോസോഫ്റ്റിന്റെ പേഴ്‌സണല്‍ ഡിസിറ്റല്‍ സഹായിയായ 'കോര്‍ട്ടാന' ഉള്ളതാണ് വണ്‍ എം8. എന്നാല്‍ നിലവില്‍ ഇത് അമേരിക്കന്‍ വിപണിയില്‍ മാത്രമേ ലഭ്യമാകുകയുള്ളു. അമേരിക്കന്‍ വിപണിയില്‍ ചുവടുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ, മൈക്രോസോഫ്റ്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് വണ്‍ എം8 ഫോണിന്റെ വിന്‍ഡോസ് ഫോണ്‍ വേര്‍ഷന്‍ എച്ച്ടിസി അവതരിപ്പിച്ചിരിക്കുന്നത്.

തുടക്കത്തില്‍ വിന്‍ഡോസ് ഫൊനുകളുമായി കളത്തിലിറങ്ങിയ എച്ച്ടിസി പിന്നീട് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിലേക്ക് ചുവട് മാറ്റുകയായിരുന്നു. എന്നാല്‍ സംസംഗ് അടക്കമുള്ള കമ്പനികള്‍ ആന്‍ഡ്രോയിഡുമായി വിപണിയിലെത്തിയതൊടെ ഈ തായ്‌വാന്‍ കമ്പനിക്ക് ശനിദശ തുടങ്ങി.

സാമ്പത്തികമായി ഏറെ പിന്നൊക്കം പൊയ കമ്പനി തിരിച്ചുവരവിന്റെ പാതയൊരുക്കുന്നതിനാണ് വീണ്ടും വിന്‍ഡോസിന്റെ തട്ടകത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. രണ്ടുവര്‍ഷത്തെ കരാറോടുകൂടി 99 ഡോളര്‍ (ഏതാണ്ട് 6000 രൂപ) ആണ് ഈ മോഡലിന്റെ വില. ഇത് ആന്‍ഡ്രോയ്ഡ് വണ്‍ എം3 യുടെ വിലയെക്കാള്‍ 50 ശതമാനം കുറവാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :