ആപ്പിള്‍ ഐഫോണ്‍@10: അക്ഷരാര്‍ഥത്തില്‍ ലോകം സ്മാര്‍ട്ടായിട്ട് ഒരു പതിറ്റാണ്ട് !

2007 ജനുവരി 9നാണ് ആദ്യത്തെ ഐഫോണ്‍ അവതരിപ്പിച്ചത്.

apple iphone, ipad, smartphone ആപ്പിള്‍ ഐഫോണ്‍, ഐഫോണ്‍, 10 വര്‍ഷം. ഐപാഡ്
സജിത്ത്| Last Modified ചൊവ്വ, 10 ജനുവരി 2017 (09:59 IST)
ആപ്പിൾ കമ്പനി നിർമ്മിച്ച് പുറത്തിറക്കുന്ന ഇന്റർനെറ്റ്, ഇമെയിൽ, മൾട്ടിമീഡിയ, മൾട്ടി ടച്ച് സ്ക്രീൻ തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു സ്മാർട്ട് ഫോണായിരുന്നു ആപ്പിൾ ഐഫോൺ. 2007 ജനുവരി 9നാണ് ആദ്യത്തെ ഐഫോണ്‍ അവതരിപ്പിച്ചത്. ഐഫോണ്‍ ആരംഭിച്ച വിപ്ലവം വഴി ലോകത്ത് സംഭവിച്ചത് മറ്റൊന്നായിരുന്നില്ല, അക്ഷരാര്‍ഥത്തില്‍ ലോകം സ്മാര്‍ട്ടാവുകയാണ് ചെയ്തത്.

ആധുനിക നാഗരികതയുടെ എല്ലാതലങ്ങളെയും സ്പര്‍ശിക്കുന്ന ഒരു ടെക്‌നോളജി വിപ്ലവത്തിന് തിരികൊളുത്തുക വഴിയാണ് ഐഫോണ്‍ ലോകത്തെ സ്മാര്‍ട്ടാക്കിയത്. ഐഫോണിന്റെ വരവോടെ മുൻപൊരിക്കലും സാധ്യമാകാതിരുന്ന രീതിയില്‍ നമ്മുടെ ഉള്ളം കൈയ്യിലേക്ക് ഇന്റര്‍നെറ്റ് എത്തി. മനുഷ്യനും യന്ത്രങ്ങളുമായുള്ള
ഇടപഴകലിന്റെ ചരിത്രവഴികളെ മാറ്റിയെഴുതാന്‍ ഐഫോണിനു സാധിച്ചു. ബട്ടണുകള്‍ക്കും ലിവറുകള്‍ക്കും പകരമായി വിരല്‍സ്പര്‍ശം ഇടംപിടിച്ചു.

ഏകദേശം നൂറു കോടിയോളം ഐഫോണ്‍ ഇതുവരെ വിറ്റിട്ടുണ്ടാകാമെന്നാണ് ചില കണക്കുകള്‍ പറയുന്നത്. ഐഫോണ്‍ 4ലാണ് റെറ്റിന ഡിസ്‌പ്ലെ ആദ്യമായി എത്തിയത്. ഫോണിന്റെ സ്‌ക്രീന്‍ സൈസിലായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ കണക്കു കൂട്ടലും കടുംപിടുത്തവും തെറ്റുന്നത്. 3.5 ഇഞ്ച് സ്‌ക്രീനാണ് ഇത്തരം ഒരു ഫോണിനു ചേര്‍ന്നത് എന്ന വാദത്തില്‍ മരണം വരെ ജോബ്സ് ഉറച്ചു നിന്നു. സാംസങും മറ്റും വലിയ സ്‌ക്രീനുള്ള ഫോണുകള്‍ ഇറക്കിയപ്പോഴും ആപ്പിള്‍ ആ കുഞ്ഞന്‍ സ്‌ക്രീനുമായാണ് വിപണിയില്‍ നിലയുറപ്പിച്ചത്.

2010ലാണ് ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ആപിള്‍ ഐപാഡ് എത്തിയത്. ടാബ്‌ലറ്റ് യുഗത്തിന് നാന്ദികുറിക്കുകയായിരുന്നു സ്റ്റീവും ആപ്പിളും അതിലൂടെ ചെയ്തത്. ഐഫോണിന്റെ പിന്‍ഗാമിയാണ് ഐപാഡ് എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ അത് ശരിയല്ലെന്നും, ഐപാഡില്‍ നിന്നാണ് ഐഫോണ്‍ പിറവിയെടുത്തതെന്നും 2011 ല്‍ സ്റ്റീവിന്റെ ഔദ്യോഗിക ജീവചരിത്രകാരന്‍ വാള്‍ട്ടര്‍ ഐസാക്‌സണ്‍ വിവരിച്ചത് തെല്ലൊരു അമ്പരപ്പോടെയാണ് ലോകം ശ്രദ്ധിച്ചതെന്നതാണ് മറ്റൊരു വസ്തുത.

എന്നാല്‍ മൊബൈല്‍ പ്രേമികള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്ന ആപ്പിള്‍ ഐ ഫോണിന്റെ വില്‍പ്പനയില്‍ കനത്ത ഇടിവ് സംഭവിക്കുന്നതായാണ് റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ റിപ്പോർട്ടുകൾ പ്രകാരം ആപ്പിളിന്റെ വരുമാനം കുത്തനെ ഇടിഞ്ഞിരിക്കുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ആപ്പിൾ ഇപ്പോള്‍ കടന്നു പോകുന്നത്. ഏറെ പ്രതീക്ഷയോടെ വിപണിയിലെത്തിയ ഐഫോൺ 7, 7 പ്ലസിനുണ്ടായ തിരിച്ചടിയാണ് ആപ്പിളിനെ ക്ഷീണിപ്പിച്ചത്.

ഈ വർഷം പുറത്തിറങ്ങുന്ന പുതിയ ഹാൻഡ്സെറ്റിലാണ് ആപ്പിള്‍ ഇപ്പോള്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. അതേസമയം, ഐ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ പലരും മറ്റ് ബ്രാന്‍ഡുകളിലേക്ക് താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും ആപ്പിളിന് കനത്ത തിരിച്ചടി നല്‍കുന്നുണ്ട്. കുറഞ്ഞ പൈസയ്‌ക്ക് എല്ലാ ഫീച്ചേഴ്‌സുകളുമുള്ള ഫോണുകള്‍ വിപണിയില്‍ എത്തുന്നതാണ് യുവാക്കളെ ഐ ഫോണില്‍ നിന്ന് അകറ്റുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :