ദാദ’ തന്നെ ക്യാപ്റ്റന്‍

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 14 ഏപ്രില്‍ 2009 (17:54 IST)
ഐപി‌എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഒരാ‍ഴ്ചയായി തുടരുന്ന ക്യാപ്റ്റന്‍ വിവാദത്തിന് തിരശ്ശീല വീണതായി സൂചന. സൌരവ് ഗാംഗുലിയെ തന്നെ ക്യാപ്റ്റനാക്കി നിലനിര്‍ത്താനാണ് ധാരണ. ന്യൂസിലാന്‍ഡ് താ‍രം ബ്രെന്‍ഡന്‍ മക്‍കെല്ലം അസിസ്റ്റന്‍റ് ക്യാപ്റ്റനാകും‍. മുബൈയില്‍ ഗാംഗുലിയും ടീം കോച്ച് ജോണ്‍ ബുക്കാനനുമായി നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാന്‍ നടത്തിയ ചര്‍ച്ചയിലാ‍ണ് പ്രശ്നം പരിഹരിച്ചത്.

എന്നാല്‍ ഇക്കാര്യം നൈറ്റ് റൈഡേഴ്സ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ടീമുമായും ഷാരൂഖുമായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ തന്‍റെ വസതിയില്‍ ഇരുവരുമായും നടത്തിയ ചര്‍ച്ചയിലാണ് ഷാരൂഖ് പ്രശ്നം തീര്‍ത്തതെന്ന് അറിയുന്നു.

ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ടീമിന്‍റെ പ്രകടനം മാനേജ്മെന്‍റ് നിരീക്ഷിക്കും. ആദ്യ ഏതാനും മത്സരങ്ങള്‍ക്ക് ശേഷം പ്രകടനം മോശമാണെങ്കില്‍ ഗാംഗുലിയെ മാറ്റുമെന്നും സൂചനയുണ്ട്.

ഗാംഗുലിക്ക് പുറമേ ബൌളിംഗ്, ഫീല്‍ഡിംഗ് വിഭാഗങ്ങളില്‍ പ്രത്യേക ക്യാപ്റ്റന്‍‌മാരെ നിയമിക്കാനുള്ള കോച്ച് ജോണ്‍ ബുക്കാനന്‍റെ തീരുമാനമാണ് ഒരാഴ്ച നീണ്ട വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്. തീരുമാനം തന്നോട് ആലോചിക്കാതെയാണെന്ന് ഗാംഗുലിയും ഗാംഗുലിയുടെ അറിവോടെ തന്നെയാണ് ടീമില്‍ മാറ്റം വരുത്തിയതെന്ന് ബുക്കാനനും വാദിച്ചു.

ഗാംഗുലിയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ ആരാധകര്‍ കൊല്‍ക്കത്തയില്‍ ബുക്കാനന് എതിരെ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഷാരൂഖ് ഇടപെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :