ഐപി‌എല്‍; മാധ്യമപ്രതിഷേധം ഒത്തുതീര്‍പ്പായി

ജോഹന്നാസ്ബെര്‍ഗ്| WEBDUNIA| Last Modified വെള്ളി, 17 ഏപ്രില്‍ 2009 (14:23 IST)
ഐപി‌എല്‍ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ഐപി‌എല്‍ അധികൃതരും വാര്‍ത്താ ഏജന്‍സികളും തമ്മില്‍ ഉടലെടുത്ത തര്‍ക്കം ഒത്തുതീര്‍പ്പായി. വിവാദ നിബന്ധനകളില്‍ ഇളവ് വരുത്താന്‍ ഐപി‌എല്‍ അധികൃതര്‍ തീരുമാനിച്ചതോടെയാണ് പ്രശ്നം തീര്‍ന്നത്.

ക്രിക്കറ്റ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വെബ്സൈറ്റുകള്‍ക്ക് വാര്‍ത്തകളും ചിത്രങ്ങളും നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഏജന്‍സികളെ പ്രകോപിപ്പിച്ചത്. ഈ വിലക്ക് ഒഴിവാക്കാനാകില്ലെന്നായിരുന്നു ചെയര്‍മാന്‍ ലളിത് മോഡിയുടെ നിലപാട്. എന്നാല്‍ ടൂര്‍ണ്ണമെന്‍റ് ബഹിഷ്കരിക്കാന്‍ ഏജന്‍സികള്‍ തീരുമാനിച്ചതോടെ ഐപി‌എല്‍ നേതൃത്വം കടുംപിടുത്തം ഉപേക്ഷിക്കുകയായിരുന്നു.

പ്രശ്നം ഒത്തുതീര്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലളിത് മോഡി പറഞ്ഞു. ഇതിലൂടെ ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള ആരാധകര്‍ക്ക് മത്സരങ്ങള്‍ ആസ്വദിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. റോയിട്ടേഴ്സ്, അസോസിയേറ്റഡ് പ്രസ്, ഏജന്‍സ് ഫ്രാന്‍സ് പ്രസ്, ഗെറ്റി ഇമേജസ് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളാണ് മത്സരങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :