അഭിറാം മനോഹർ|
Last Modified ഞായര്‍, 1 ജൂണ്‍ 2025 (19:49 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ രസം കൊല്ലിയായി മഴ. വൈകീട്ട് 7:30ന് നടക്കേണ്ടിയിരുന്ന മത്സരം മഴ തുടരുന്നതിനെ തുടര്‍ന്ന് ഇതുവരെയും ആരംഭിച്ചിട്ടില്ല. നേരത്തെ മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തിരെഞ്ഞെടുത്തിരുന്നു. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവരാകും ജൂണ്‍ 3ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ നേരിടുക.
വെതര്‍.കോമിന്റെ വിവരമനുസരിച്ച് ഇടവിട്ടുള്ള മഴയാണ് പ്രവചിക്കപ്പെടുന്നത് എന്നതിനാല്‍ തന്നെ നേരം വൈകിയാണെങ്കിലും ഇന്നത്തെ മത്സരം നടക്കാനാണ് സാധ്യത. അതിശക്തമായ മഴയല്ല നിലവില്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പെയ്യുന്നത്. ഐപിഎല്‍ നിയമപ്രകാരം ഇന്നത്തെ മത്സരം മഴ മൂലം റദ്ദാക്കിയാല്‍ പോയന്റ് പട്ടികയില്‍ ഉയര്‍ന്ന നിലയില്‍ ഫിനിഷ് ചെയ്ത ടീമാകും ഫൈനലിലെത്തുക. അങ്ങനെയെങ്കില്‍ പഞ്ചാബാകും നേരിട്ട് ഫൈനലിലെത്തുക.
അതേസമയം മഴ കളിമുടക്കിയെങ്കിലും 9:30ന് മത്സരം പുനരാരംഭിക്കാനാവുമെങ്കില്‍ 20 ഓവര്‍ മത്സരം തന്നെയാകും നടക്കുക. അതിന് ശേഷവും കളി മുടങ്ങുകയാണെങ്കില്‍ ഓവറുകള്‍ വെട്ടിചുരുക്കപ്പെടും.