IPL 10: രക്ഷിക്കാന്‍ ധോണിയില്ലല്ലോ, കോഹ്‌ലി റേഞ്ച് വേറെയാണ്; എതിര്‍പ്പുമായി മഹിയുടെ അടുപ്പക്കാരന്‍ രംഗത്ത്

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: ടീം തെരഞ്ഞെടുപ്പിനെതിരെ റെയ്‌ന രംഗത്ത്

ന്യൂഡല്‍ഹി| jibin| Last Updated: ചൊവ്വ, 9 മെയ് 2017 (15:47 IST)
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതില്‍ വിവാദങ്ങള്‍ തുടരുന്നു. മോശം ഫോം തുടരുന്ന യുവരാജ് സിംഗ് ടീമില്‍ ഇടം പിടിച്ചതും ഐപിഎല്ലിലെ തരക്കേടില്ലാത്ത പ്രകടനത്തിന്റെ പേരില്‍ മാത്രം ശിഖര്‍ ധവാന്‍ ടീമില്‍ എത്തിയതുമാണ് ആരാധകരെ ഞെട്ടിച്ചത്.

ഐപിഎല്ലില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തിട്ടും ടീമില്‍ ഇടം ലഭിക്കാത്തതിനെതിരെ സുരേഷ് റെയ്‌ന പരസ്യമായി രംഗത്തെത്തി. വേദനിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ നടപടിയാണ് സെലക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ റെയ്‌ന വ്യക്തമാക്കി.

തനിക്കിപ്പോള്‍ പറയേണ്ടത് എന്താണെന്ന് അറിയില്ല. ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം തുടരുന്നതിനാല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മികച്ച ബാറ്റിംഗ് പുറത്തെടുത്ത് ഇന്ത്യന്‍ ടീമില്‍ എത്താനായിരിക്കും ഇനി ശ്രമം. ഐപിഎല്ലില്‍ മികച്ച സ്‌കോര്‍ കണ്ടെത്തി ടീമിനെ വിജയിപ്പിക്കാനാകും ഇപ്പോള്‍ തന്റെ ലക്ഷ്യമെന്നും റെയ്‌ന പറഞ്ഞു.



ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ചുറി സഹിതം 434 റണ്‍സ് സ്വന്തമാക്കിയിട്ടും റെയ്നയെ സെലക്‍ടര്‍മാര്‍ തഴയുകയായിരുന്നു. മഹേന്ദ്ര സിംഗ് ധോണിയുടെ അടുപ്പക്കാരനായ റെയ്‌ന 2015 ഒക്ടോബറിലാണ് അവസാനമായി ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്.

വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീം ക്യാപ്‌റ്റനായതോടെ റെയ്‌നയ്‌ക്ക് അവസരങ്ങള്‍ കുറയുകയും ചെയ്‌തു. വിവാഹത്തിന് ശേഷം റെയ്‌ന ഏകദിന മത്സരങ്ങളോട് അകലം പാലിക്കുകയും ട്വന്റി-20യില്‍ മാത്രം കളിക്കാന്‍ താല്‍പ്പര്യം കാണിക്കുകയുമായിരുന്നു. അതേസമയം, ജയസാധ്യതയുള്ള ടീമിനെ തെരഞ്ഞെടുക്കാനാണ് കോഹ്‌ലി
പ്രാധാന്യം നല്‍കുന്നത്. ഇതാണ് റെയ്‌നയ്‌ക്ക് തിരിച്ചടിയായത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :