ഷേഖ്‌ ഷെരീഫ്‌ സൊമാലിയന്‍ പ്രസിഡന്‍റ്

മൊഗാദിഷു| WEBDUNIA| Last Modified ശനി, 31 ജനുവരി 2009 (14:34 IST)
ഇസ്ലാമിക നേതാവ് ഷേഖ്‌ ഷെരീഫ്‌ അഹമ്മദ് സോമാലിയയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഇസ്‌ലാമിക് കോര്‍ട്സ് യൂണിയന്‍ പ്രതിനിധിയാണ് തെരഞ്ഞെടുക്കപ്പെട്ട ഷേഖ്‌ ഷെരീഫ്‌ അഹമ്മദ്. പാര്‍ലമെന്‍റ് അംഗങ്ങള്‍ രഹസ്യ ബാലറ്റിലൂടെയാണ്‌ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്‌.

പ്രസിഡന്‍റ് സ്ഥാനത്തിനായി മത്സര രംഗത്തുണ്ടായിരുന്ന പ്രധാനമന്ത്രി നുര്‍ ഹസന്‍ ഹുസൈന്‍ രണ്ടാം റൗണ്ടില്‍ പിന്‍മാറിയതോടെ അഹമദ്‌ നിര്‍ണായകമായ ഭൂരിപക്ഷം നേടി. മാസിയ മൊഹമ്മദ് സെയ്ദ് ബാരെയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഷെരീഫ് അഹമ്മദിന് 293 വോട്ടും സെയ്ദ് ബാരെയ്ക്ക് 126 വോട്ടും ലഭിച്ചു.

സൊമാലിയന്‍ പ്രസിഡന്‍റായിരുന്ന അബ്ദുല്ലാഹി യുസഫ്‌ അഹമ്മദ്‌ ഡിസംബറില്‍ രാജിവച്ചതിനെ തുടര്‍ന്നാണ്‌ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്‌. സൊമാലിയയില്‍ സുരക്ഷ വഷളായിരിക്കുന്ന സാഹചര്യത്തില്‍ ജിബൂതിയിലാണ്‌ എംപിമാര്‍ സമ്മേളിച്ചത്‌. നിലവില്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്‌ രാജ്യം.

പുതിയ പ്രസിഡന്‍റായി അഹമ്മദ്‌ ഇന്നു സ്ഥാനമേറ്റെടുക്കും. അടുത്തയാഴ്ച അഡിസ്‌ അബാബയില്‍ ചേരുന്ന ആഫ്രിക്കന്‍ യൂണിയന്‍ യോഗത്തിനു സൊമാലിയയെ പ്രതിനിധീകരിച്ച്‌ അദ്ദേഹം പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :