ബഹുമാനം പഠിപ്പിക്കാന്‍ പ്രത്യേക മന്ത്രി

മെല്‍ബണ്‍| WEBDUNIA|
PRO
വംശീയ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ ജനങ്ങളെ പരസ്പരബഹുമാനം പഠിപ്പിക്കാന്‍ ഒരു ഓസ്ട്രേലിയന്‍ സംസ്ഥാനം പ്രത്യേക മന്ത്രിയെ നിയമിച്ചു. മുന്‍ ഫുട്ബോള്‍ താരമായ ജസ്റ്റിന്‍ മദ്ദെന്‍ ആണ് ഓസ്ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയില്‍ ‘ബഹുമാന മന്ത്രി‘യായി (റെസ്പെക്ട് മിനിസ്റ്റര്‍) നിയമിതനായത്.

ഇന്ത്യാക്കാര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം മാത്രം നൂറോളം വംശീയ ആക്രമണങ്ങളാണ് ഓസ്ട്രേലിയയില്‍ ഉണ്ടായത്. 2008 ല്‍ ഇത് കേവലം ഇരുപതില്‍ താഴെയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കാനും വംശീയ ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്താനും മന്ത്രിസഭയില്‍ പ്രത്യേക പ്രതിനിധിയെ നിയമിക്കാന്‍ വിക്ടോറിയ തീരുമാനിച്ചത്.

വംശീയ വേര്‍തിരിവ് വെച്ചുപുലര്‍ത്തുന്നവര്‍ക്കെതിരെ മന്ത്രിസഭയിലെ ഒരു അധികശബ്ദമായിരിക്കും ജസ്റ്റിന്‍ എന്നാണ് വിക്ടോറിയന്‍ പ്രധാനമന്ത്രി ജോണ്‍ ബ്രം‌പി വിശേഷിപ്പിച്ചത്. വംശീയ ആക്രമണം പോലുള്ള സാമൂഹ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ക്രോഡീകരിച്ചുകൊണ്ടുള്ള പദ്ധതിയായിരിക്കും താന്‍ നടപ്പിലാക്കാന്‍ പോകുന്നതെന്ന് ജസ്റ്റിന്‍ മദ്ദെന്‍ പറഞ്ഞു.

പരസ്പര ബഹുമാനവുമായി ബന്ധപ്പെട്ട കാര്യം സമൂഹം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയായിക്കഴിഞ്ഞെന്ന് ജോണ്‍ ബ്രം‌പി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബഹുമാന മന്ത്രിയുടെ നിയമനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചു. നീക്കം വിക്ടോറിയയെ സുരക്ഷിത സംസ്ഥാനമാക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :