എന്‍‌എസ്‌ജി: ഇന്ത്യക്ക് അതൃപ്തി

ന്യൂഡല്‍ഹി| WEBDUNIA|
അമേരിക്കയുമായുള്ള ഇന്ത്യയുടെ ആണവ സഹകരണ കരാറിന്‍റെ പേരില്‍ ഉയര്‍ന്ന രാഷ്ട്രീയ പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ അതിജീവിച്ചെങ്കിലും കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിലെ അമേരിക്കന്‍ നിലപാടില്‍ ഇന്ത്യന്‍ അധികൃതര്‍ തൃപ്തരല്ലെന്ന് റിപ്പോര്‍ട്ട്. ആണവ വിതരണ ഗ്രൂപ്പിന്‍റെ (എന്‍ എസ് ജി)വിവിധ നിബന്ധനകളില്‍ നിന്ന് ഇന്ത്യയുടെ ആണവ പരിപാടികളെ ഒഴിവാക്കുന്ന വിഷയത്തില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ വിഷയത്തില്‍ ‘ചരടുകളില്ലാത്ത ഇളവുകളാണ്’ ഇന്ത്യ ആവശ്യപ്പെട്ടതെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത നിലപാടാണ് അമേരിക്ക ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് ഇന്ത്യന്‍ അധികൃതര്‍ കരുതുന്നു. ഈ വിഷയത്തിലെ അമേരിക്കയുടെ നിലപാടിന്‍റെ രൂപരേഖ കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രതിനിധികളെ കാണിച്ചിരുന്നു.

എന്‍എസ്ജി ഇളവുകള്‍ നിരുപാധികമാകണമെന്ന് ഇന്ത്യ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിനോട് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ആണവ് നിര്‍വ്യാപന വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാന്‍ തന്നെയാണ് അമേരിക്കന്‍ തീരുമാനം എന്നാണ് സൂചന. ഇന്ത്യയുമായി ആണവ വ്യാപാരത്തില്‍ നടപ്പിലാക്കാന്‍ പറ്റാത്തതും യാഥാര്‍ത്ഥ്യ ബോധമില്ലാത്തതുമായ നിബന്ധനകള്‍ എന്‍ എസ് ജി മുന്നോട്ട് വെയ്ക്കരുതെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.

ഇക്കാര്യത്തില്‍ ഫ്രാന്‍സ് റഷ്യ തുടങ്ങിയ എന്‍ എസ് ജി അംഗങ്ങളുടെ പിന്തുണ ഇന്ത്യക്ക് ലഭിക്കുമെന്നാണ് സൂചന. അതേ സമയം ഇന്ത്യയുമായുള്ള ആണവ് വ്യാപാരത്തില്‍ കാര്യമായ നേട്ടമുണ്ടാകാത്ത ന്യൂസിലന്‍ഡ് പോലെയുള്ള എന്‍ എസ് ജി അംഗങ്ങള്‍ ഇന്ത്യക്ക് എതിരായ നിലപാട് സ്വീകരിക്കാനും സാധ്യതയുണ്ട്.

അതേ സമയം കരാര്‍ അട്ടിമറിക്കാന്‍ ചൈനയുടെയും പാകിസ്ഥാന്‍റെയും ഭാഗത്ത് നിന്ന് ശ്രമമുണ്ടാകുമെന്നും സംശയിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്തോ അമേരിക്കന്‍ ആണവ സഹകരണ കരാര്‍ തടയാന്‍ പാക് അധികൃതര്‍ വേണ്ട്ത്ര ശ്രമിച്ചില്ലെന്ന് പാകിസ്ഥില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ഈ വിഷയത്തില്‍ അമേരിക്കന്‍ സമ്മര്‍ദത്തിന് പാക് ഭരണകൂടം വഴങ്ങിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :