ഇസ്രയേലിലും ‘സൂപ്പര്‍ രോഗാണുബാധ’

ജെറുസലേം| WEBDUNIA| Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2010 (13:11 IST)
ഇസ്രയേലിലും ഡല്‍ഹി-മെറ്റാലോ-1 എന്ന രോഗാണുബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ഒരു സ്ത്രീയിലാണ് ആന്റിബയോട്ടിക്കുകള്‍ക്ക് കീഴടങ്ങാത്ത രോഗാണുവിനെ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

എന്‍ഡി‌എം -1 എന്ന് അറിയപ്പെടുന്ന രോഗാണുവിനെ കണ്ടെത്തിയെന്ന് ടെല്‍‌അവീവിലെ ഷേബ ആശുപത്രിയധികൃതരാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതയായതിനെ തുടര്‍ന്ന് അഞ്ച് ദിവസം ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന വനിതയിലാണ് രോഗാണുബാധയുണ്ടെന്ന് പറയുന്നത്.

ഇതെതുടര്‍ന്ന്, 2008 മുതല്‍ ഇന്ത്യയില്‍ ചികിത്സ തേടിയ എല്ലാ രോഗികളെയും നിരീക്ഷണ വിധേയമാക്കാന്‍ ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു.

‘ലാന്‍‌സെറ്റ്’ എന്ന മെഡിക്കല്‍ ജേര്‍ണലാണ് മാസങ്ങള്‍ക്ക് മുമ്പ് ‘സൂപ്പര്‍ രോഗാണു’വിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുന്ന രോഗാണുക്കള്‍ കുടലില്‍ കാണപ്പെടുന്ന ബാക്ടീരിയക്ക് സമാനമാണെന്നും അവയെ നിലവിലുള്ള മരുന്നുകള്‍ക്കൊന്നും പ്രതിരോധിക്കാനാവില്ല എന്നുമായിരുന്നു റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :