വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified ശനി, 20 ഫെബ്രുവരി 2010 (12:20 IST)
ഏറെ വിവാദവും ഭീതിയും ഉയര്‍ത്തിയ ആന്ത്രാക്സ് കത്തുകളെക്കുറിച്ചുള്ള അന്വേഷണം അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്‌ബിഐ അവസാനിപ്പിക്കുന്നു. ഏറെ വിമര്‍ശനങ്ങള്‍ക്കിട നല്‍കിയാണ് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണം അവസാനിപ്പിക്കാന്‍ എഫ്‌ബിഐ അനുമതി തേടിയിരിക്കുന്നത്. ഡോ. ബ്രൂസ് ഇവന്‍സ് എന്ന ശാസ്ത്രജ്ഞനെ മാത്രമാണ് എഫ്‌ബിഐ പ്രതിസ്ഥാനത്ത് ചേര്‍ത്തിരിക്കുന്നത്.
2001 ലാണ് ആന്ത്രാക്സ് പൊടി വിതറിയ കത്തുകള്‍ അമേരിക്കയില്‍ ഭീഷണി പടര്‍ത്തിയത്. ഇത്തരം കത്തുകളില്‍ നിന്നുള്ള അണുബാധയേറ്റ് അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കത്തുകള്‍ തുടര്‍ക്കഥയായതോടെ അമേരിക്കയിലും മറ്റ് ലോകരാജ്യങ്ങളിലും ആന്ത്രാക്സ് കടുത്ത ഭീതി പരത്തിയിരുന്നു. യുഎസിലെ പോസ്റ്റല്‍ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം പോലും ആന്ത്രാക്സ് ഭീഷണി മൂലം നിര്‍ത്തിവെച്ചിരുന്നു.
മാനസീക വിഭ്രാന്തിയുള്ള ഗവേഷക ശാസ്ത്രജ്ഞനാണ് ഇവിന്‍സ്. ഇവിന്‍സിനെതിരെ കുറ്റം ചുമത്താന്‍ പ്രോസിക്യൂട്ടര്‍മാര്‍ തയ്യാറെടുക്കവേ കഴിഞ്ഞ വര്‍ഷം അദ്ദേഹം സ്വയം ജീവനൊടുക്കുകയായിരുന്നു. എന്നാല്‍ ഇവിന്‍സ് നിരപരാധിയാണെന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാദം. നേരത്തെ ജൈവായുധ വിദഗ്ധന്‍ സ്റ്റീവന്‍ ഹാറ്റ്ഫിലിനെതിരെ കേസെടുക്കാനും നീക്കം നടന്നിരുന്നു.
2001 സെപ്തംബര്‍ പതിനൊന്നിന് നടന്ന വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷമാണ് ആന്ത്രാക്സ് ഭീഷണിയും തലപൊക്കിയത്. പല പഴുതുകളും ഗൌരവത്തോടെ എടുക്കാതെയാണ് എഫ്‌ബിഐ കേസ് അന്വേഷിക്കുന്നതെന്ന് നേരത്തെ മുതല്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.