രണ്ടാമത്തെ അത്ഭുത പ്രവര്‍ത്തിയും അംഗീകരിച്ചു; മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ , മദര്‍ തെരേസ , ഫ്രാന്‍സിസ് മാര്‍പാപ്പ , വത്തിക്കാന്‍ സിറ്റി
വത്തിക്കാന്‍ സിറ്റി| jibin| Last Updated: വെള്ളി, 18 ഡിസം‌ബര്‍ 2015 (11:38 IST)
രണ്ടാമത്തെ അത്ഭുത പ്രവര്‍ത്തിയും ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചതോടെ വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ അടുത്ത വർഷം സെപ്റ്റംബറിൽ വിശുദ്ധയായി പ്രഖ്യാപിക്കും. ഇതോടെ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങൾ കത്തോലിക്കാ സഭ പൂർത്തിയാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്. വിശുദ്ധപദ പ്രഖ്യാപനം സപ്തംബര്‍ നാലിനുണ്ടാകുമെന്നും ഇറ്റാലിയന്‍ കത്തോലിക്കാ പത്രമായ ആവേന വ്യക്തമാക്കിയെങ്കിലും വത്തിക്കാന്‍ ഔദ്യോഗികമായ അറിയിപ്പൊന്നും നല്‍കിയിട്ടില്ല.

ബ്രസീലിലെ സാന്റോസ് രൂപതാംഗമായ ഒരു യുവാവിന്റെ തലച്ചോറിലെ ട്യൂമർ ഭേദമായതാണു മദർ തെരേസയുടെ മധ്യസ്‌ഥതയിലുള്ള രണ്ടാമത്തെ അദ്ഭുതമായി സ്ഥിരീകരിച്ചത്. മൂന്നു ദിവസങ്ങൾക്കു മുൻപാണ് വിദഗ്ധരുടെ പാനൽ മദർ തെരേസയുടെ മാധ്യസ്ഥത്തിൽ നടന്ന അദ്ഭുതം ശരിവെച്ചത്. ഈ സാഹചര്യത്തില്‍ ഡിസംബർ എട്ടു മുതൽ അടുത്ത വർഷം നവംബർ 20 വരെ കരുണയുടെ വിശുദ്ധ വർഷമായി മാർപാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്.

1999ൽ മദറിനെ ദൈവദാസിയായും 2003 ഒക്ടോബർ 19ന് കാലം ചെയ്ത ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മദറിനെ വാഴ്ത്തപ്പെട്ടവളായും പ്രഖ്യാപിച്ചു. മദര്‍ മരിച്ച് ഒരു വര്‍ഷം തികയുന്ന സമയത്ത് മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനിമാരുടെ പ്രാര്‍ത്ഥനകൊണ്ട് മോണിക്ക ബെസ്‌റ എന്ന ബംഗാളി സ്ത്രീയുടെ ട്യൂമര്‍ ഭേദമായ സംഭവമാണ് മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളാക്കാന്‍ വത്തിക്കാന്‍ സ്ഥിരീകരിച്ച അത്ഭുത പ്രവര്‍ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :