നേപ്പാളില്‍ ലോകരാഷ്ട്രങ്ങളുടെ സഹായത്തോടെ സഹായമെത്തിക്കും: യുഎന്‍

 യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ,നേപ്പാളില്‍ ഭൂചലനം , യുഎന്‍
ന്യൂയോര്‍ക്ക്| jibin| Last Modified ഞായര്‍, 26 ഏപ്രില്‍ 2015 (15:01 IST)
ഭൂകമ്പത്തില്‍ വന്‍ നാശം വിതച്ച നേപ്പാളിലേക്ക് സഹായമെത്തിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ലോകരാഷ്ട്രങ്ങളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും. രാജ്യാന്തര രക്ഷാദൌത്യങ്ങള്‍ ഏകോപിപ്പിക്കുമെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.

അതേസമയം നേപ്പാളിനെയും ഉത്തരേന്ത്യയെയും പിടിച്ചുകുലുക്കിയ വന്‍ഭൂകമ്പത്തില്‍ മരണസംഖ്യ 2000 കവിഞ്ഞു. 1805 പേര്‍ മരിച്ചതായി നേപ്പാള്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. നാലായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ 5000 കവിയുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. അതേസമയം ഇന്ന് മൂന്ന് തവണയാണ് ഇന്ന് ഭൂചലനമുണ്ടായത്. ഉത്തരേന്ത്യയില്‍ മാത്രം 56 പേര്‍ മരിച്ചു. മരിച്ചവരില്‍ 45 പേരും ബിഹാറിലാണ്. യുപിയില്‍ എട്ടും ബംഗാളില്‍ മൂന്നും പേര്‍ മരിച്ചു.

റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നേപ്പാളിനെ തകര്‍ത്തിരിക്കുകയാണ്. കഠ്മണ്ഡുവില്‍ ഗതാഗത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു, വൈദ്യുതി വിതരണം നിലച്ചു, കെട്ടിടങ്ങള്‍ നിലംപൊത്തി, റോഡുകളില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. നേപ്പാളിലെ പൊഖാറയില്‍ ഭൗമോപരിതലത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം താഴെയായാണു പ്രഭവകേന്ദ്രം. ചലനമുണ്ടായ ഉടന്‍ വലിയ കെട്ടിടങ്ങളില്‍നിന്ന് ആളുകള്‍ ഇറങ്ങിയോടി. പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്നു. നിലക്കെട്ടിടങ്ങളില്‍ വന്‍ വിള്ളലുകള്‍ വീണു. നേപ്പാളിന്റെ കഴിഞ്ഞ 80 വര്‍ഷത്തെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണ് ഇന്നലെയുണ്ടായത്.കാഠ്മണ്ഡുവിലെ പ്രശസ്തമായ ധരാരാ സ്തൂപം ഭൂചലനത്തില്‍ തകര്‍ന്നുവീണു. ത്രിഭുവന്‍ വിമാനത്താവളവും തകര്‍ന്നു. ഇന്നലെ തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം അര്‍ധരാത്രിയും തുടര്‍ന്നു.

തുടര്‍ ഭൂചലനങ്ങള്‍ ഉണ്ടായത് രക്ഷാ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പല കെട്ടിടങ്ങളുടെ അടിയിലും പലരും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അറിയുന്നത്. അതിനിടെ നേപ്പാളില്‍ നിന്നുള്ള 158 ഇന്ത്യക്കാര്‍ ഡല്‍ഹിയിലെത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :