‘സ്ത്രീകള്‍ ഒച്ചവെയ്ക്കരുത്, പുരുഷന്‍ ബ്രഹ്മചര്യം പാലിക്കണം’; തുര്‍ക്കി ഉപപ്രധാനമന്ത്രിയുടെ പ്രസ്‌താവന വിവാദത്തില്‍

ഇസ്‌താംബുള്‍| Last Modified വ്യാഴം, 31 ജൂലൈ 2014 (10:05 IST)
സ്‌ത്രീകള്‍ പൊതുവേദിയില്‍ ചിരിക്കുകയോ ഒച്ച വെയ്‌ക്കുകയോ ചെയ്യരുതെന്നും പാതിവ്രത്യവും കന്യകാത്വവും സൂക്ഷിക്കുന്നവരായിരിക്കണമെന്ന തുര്‍ക്കി ഉപപ്രധാനമന്ത്രിയുടെ പ്രസ്‌താവന വിവാദത്തില്‍. ഈദ്‌ ആഘോഷത്തിന്റെ ഭാഗമായി ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്‌
തുര്‍ക്കി ഉപ പ്രധാനമന്ത്രി ബുലന്ദ്‌ ആറിങ്ക്‌ വിവാദ പ്രസ്താവന നടത്തിയത്.


യുവതികള്‍ കന്യകാത്വം സംരക്ഷിക്കുന്നവരും യുവാക്കള്‍ പരസ്‌ത്രീ ഗമനം ഒഴിവാക്കുന്നവരും ആയിരിക്കണം. സ്‌ത്രീകള്‍ പൊതുവേദിയില്‍ ചിരിക്കരുത്‌, ഒച്ചവെയ്‌ക്കരുത്‌. ടെലിഫോണ്‍ വഴി അശ്‌ളീല കാര്യങ്ങള്‍ സംസാരിക്കരുത്‌. കന്യകാത്വം യുവതികള്‍ക്കും ബ്രഹ്‌മചര്യം യുവാക്കള്‍ക്കും ഭൂഷണമായിരിക്കണം. എന്നാല്‍ യുവാക്കള്‍ മാന്യതയുടെ ചിഹ്നങ്ങളില്‍ നിന്നും ലൈംഗികാടിമകള്‍ എന്ന നിലയിലേക്ക്‌ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുരുഷന്‍ പരസ്‌ത്രീഗമനം നടത്തുന്നവനായിരിക്കരുത്‌. ഇനി അങ്ങിനെയായാല്‍ പോലും സ്‌ത്രീ പാതിവ്രത്യം പിന്തുടരുന്നവളായിരിക്കണമെന്നും തുര്‍ക്കികള്‍ ഖുറാനിലേക്ക്‌ തിരികെ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ആറിങ്കിന്റെ സദാചാരം സ്‌ത്രീ വിമോചക പ്രവര്‍ത്തകരെ ഒന്നാകെ ചൊടിപ്പിച്ചിരിക്കുകയാണ്‌. ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :