ശ്രീലങ്കയിൽ എട്ടാമതും സ്ഫോടനം; നിരോധനാജ്ഞ പ്രഖ്യാപിച്ചു, മരണസംഖ്യ 160 കടന്നു

സ്‌ഫോടനത്തിൽ നാനൂറോളം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്.

Last Modified ഞായര്‍, 21 ഏപ്രില്‍ 2019 (17:27 IST)
ശ്രീലങ്കയിൽ വീണ്ടും സ്‌ഫോടനം. രാവിലെ ആറിടങ്ങളിൽ സ്‌ഫോടനം ഉണ്ടായതിന് പിന്നാലെയാണ് രണ്ടിടങ്ങളിൽ കൂടി സ്‌ഫോടനം നടന്നത്. തലസ്ഥാനത്തെ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം 158 ആയി.
സ്‌ഫോടനത്തിൽ നാനൂറോളം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്.

കൊളംബോ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ മൃഗശാല അടച്ചു. എട്ടാമത്തെ സ്‌ഫോടനം നടന്നത് പാർപ്പിട സമുച്ചയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച വൈകീട്ട് ആറ് മുതൽ തിങ്കളാഴ്ച പുലർച്ചെ ആറ് വരെ കർഫ്യു പ്രഖ്യാപിച്ചു.

പ്രാർത്ഥന നടക്കുന്നതിനിടെ പ്രാദേശിക സമയം 8.45 ഓടെയാണ് സ്‌ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടൽ സിന്നമൺ ഗ്രാൻഡ്. സ്‌ഫോടനത്തിൻ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ചില്ലുകൾ ഉൾപ്പെടെ തകർന്നിരുന്നു.

നെഗോമ്പോയിലെ പള്ളിയുടെ മേൽക്കൂര തകർന്നു വീണതും നിലത്ത് ചോര തളം കെട്ടിക്കിടക്കുന്നതും വ്യക്തമായി കാണുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മരണ സംഖ്യ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അടിയന്തര സുരക്ഷസമിതി യോഗം വിളിച്ചു കൂട്ടി സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :