അങ്ങകലെ മൂന്ന് സൂപ്പര്‍ ഭൂമികള്‍ കൂടി, ശാസ്ത്രലോകം ആവേശത്തില്‍

VISHNU N L| Last Updated: വ്യാഴം, 30 ഏപ്രില്‍ 2015 (15:26 IST)
ഭൂമിയില്‍നിന്ന് 54 പ്രകാശവര്‍ഷമകലെ ഒരു നക്ഷത്രത്തെ മൂന്ന് 'സൂപ്പര്‍ ഭൂമികള്‍' ചുറ്റുന്നതായി ബഹിരാകാശ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കാലിഫോര്‍ണിയയില്‍ മൗണ്ട് ഹാമില്‍ട്ടണില്‍ പ്രവര്‍ത്തിക്കുന്ന ലിക്ക് ഒബ്‌സര്‍വേറ്ററിയിലെ റോബോട്ടിക് ടെലിസ്‌കോപ്പ് സംവിധാനമായ 'ഓട്ടോമേറ്റഡ് പ്ലാനെറ്റ് ഫൈന്‍ഡര്‍' (എപിഎഫ്) ആണ് പുതിയഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്.
മൂന്ന് ഗ്രഹങ്ങളില്‍ ഒന്നിനെ ഗവേഷകര്‍ നേരത്തെ തിരിച്ചറിഞ്ഞതാണ്. കൂട്ടത്തില്‍ രണ്ടെണ്ണം കൂടി ഉണ്ട് എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില ഗ്രഹങ്ങള്‍ക്ക് ഭൂമിയേക്കാള്‍ 7-8 മടങ്ങ്‌വരെ വലിപ്പം ഉള്ളതായാണ് വിവരം.

പുതിയ ലക്കം 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലാ'ണ്
പുതിയ കണ്ടെത്തല്‍ വെളിച്ചത്ത് കൊണ്ടുവന്നത്.
അവയില്‍ ഒരു ഗ്രഹം വെറും അഞ്ചുദിവസം കൊണ്ട് മാതൃനക്ഷത്രെ പരിക്രമണം ചെയ്യുന്നു. 15, 24 ദിവസങ്ങള്‍ വീതം മതി മറ്റ് രണ്ട് ഗ്രഹങ്ങള്‍ക്കും പരിക്രമണം പൂര്‍ത്തിയാക്കാന്‍. മാതൃനക്ഷത്രത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്നതാണ് ഈ ഗ്രഹങ്ങള്‍. അതായത് സൌരയുഥത്തില്‍ സൂര്യനും ബുധനും തമ്മിലുള്ള അകലത്തേക്കാള്‍ കുറവാണ് ഈ മൂന്ന് ഗ്രഹങ്ങള്‍ക്കും അവയുടെ മാതൃനക്ഷത്രവുമായുള്ളത്.
അതിനാല്‍ തന്നെ ഈ ഗ്രഹങ്ങളില്‍ ജീവനുണ്ടാകുക എന്നത് ചിന്തിക്കാന്‍ പോലും സാധ്യമല്ല.

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ഒബ്‌സര്‍വേറ്ററീസ് ടീം, എപിഎഫിന്റെ സഹായത്തോടെ ഒന്നര വര്‍ഷം നടത്തിയ പ്രവര്‍ത്തനഫലമായാണ് പുതിയ സൂപ്പര്‍ഭൂമികളെ തിരിച്ചറിഞ്ഞത്. മാതൃനക്ഷത്രത്തിന് ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ണം മൂലമുണ്ടാകുന്ന ഉലച്ചില്‍ ഈ ഉപകരണം ഉപയോഗിച്ച് കണ്ടെത്താം. അതുവഴി ആ ഭാഗത്തുള്ള ഗ്രഹങ്ങള്‍, അവയുടെ വലിപ്പം, നക്ഷത്രത്തെ ചുറ്റാനെടുക്കുന കാലയളവ് എന്നിവ കണ്ടെത്താന്‍ സാധിക്കും. അന്തരീക്ഷം തെളിഞ്ഞതാണെങ്കില്‍ ഈ ഉപകരണം ഉപയോഗിച്ച് കൂടുതല്‍ ഗ്രഹങ്ങളെ കണ്ടെത്താന്‍ സാധിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :