തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയില്ലെന്നു പൈലറ്റ്, സന്ദേശം തുർക്കി പുറത്തുവിട്ടു

റഷ്യൻ വിമാനം , തുര്‍ക്കി , സിറിയൻ അതിർത്തി , റഷ്യൻ മാധ്യമം
മോസ്കോ| jibin| Last Modified വ്യാഴം, 26 നവം‌ബര്‍ 2015 (09:01 IST)
സിറിയൻ അതിർത്തിയിൽ റഷ്യൻ വിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങുന്നു.
മുന്നറിയിപ്പ് നല്‍കാതെയാണ് വിമാനം വെടിവെച്ചിട്ടതെന്ന് റഷ്യൻ പൈലറ്റ് കൊൺസ്റ്റാന്‍റിൻ മുറഖ്ടിൻ വ്യക്തമാക്കിയതോടെയാണ് സംഭവം പുതിയ വഴിത്തിരിവിലേക്കു നീങ്ങിയത്.

ചില റേഡിയോ സന്ദേശങ്ങൾ മാത്രമാണ് തുർക്കിയുടെ ഭാഗത്തു നിന്നും ലഭിച്ചത്. വിമാനം ഒരു നിമിഷം പോലും തുർക്കിയുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കുകയോ അതിര്‍ത്തി ലംഘിക്കുകയോ ചെയ്‌തിട്ടില്ല. നല്ല കാലാവസ്ഥ ആയിരുന്നു. 6000 മീറ്റർ ഉയരത്തിലാണ് വിമാനം പറത്തിയതെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പൈലറ്റ് കൊൺസ്റ്റാന്‍റിൻ മുറഖ്ടിൻ പറഞ്ഞു. വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട പൈലറ്റ് സഖ്യസേനയുടെ ക്യാമ്പിൽ വെച്ചു റഷ്യൻ മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. ക്യാമറകൾക്ക് മുഖം നൽകാതെയാണ് പൈലറ്റ് മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ചത്. അതേസമയം,​ രക്ഷപ്പെട്ട രണ്ടാമത്തെ പൈലറ്റിനെ ഭീകരർ പിടികൂടി വധിച്ചുവെന്നാണ് വിവരം.

വിമാനം വെടിവച്ചിടും മുമ്പ് പത്ത് തവണ മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് തുർക്കി അവകാശപ്പെട്ടത്. ആവർത്തിച്ചു നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച് വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് വെടിവച്ചതെന്നാണ് തുർക്കിയുടെ നിലപാട്. അതേസമയം, പൈലറ്റിന് മുന്നറിയിപ്പ് നൽകിയത് വ്യക്തമാക്കുന്ന ശബ്ദ സന്ദേശം തുർക്കി സൈന്യം പുറത്തുവിട്ടു. നിങ്ങൾ തുർക്കിയുടെ അതിർത്തി ലംഘിച്ചിരിക്കുകയാണെന്നും മടങ്ങി പോകണമെന്നും വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :